ബില്ലുകളില്‍ ഒപ്പിടാന്‍ വ്യവസ്ഥ വച്ച് ഗവര്‍ണര്‍ ഉത്തരേന്ത്യയിലേക്ക്
NewsKerala

ബില്ലുകളില്‍ ഒപ്പിടാന്‍ വ്യവസ്ഥ വച്ച് ഗവര്‍ണര്‍ ഉത്തരേന്ത്യയിലേക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പരസ്യ പോര് അടുത്ത ഘട്ടത്തിലേക്ക്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ താന്‍ ഒപ്പ് വയ്ക്കണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ പുതിയ വ്യവസ്ഥ. മാത്രമല്ല രണ്ട് ബില്ലുകള്‍ താന്‍ ഒപ്പുവയ്ക്കുകയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞുകഴിഞ്ഞു.

ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കുന്ന ഗവര്‍ണര്‍ അടുത്ത മാസം ആദ്യമാവും തിരിച്ചെത്തുക. അതിനാല്‍ 11 ബില്ലുകളില്‍ ഒമ്പതെണ്ണവും പ്രാബല്യത്തില്‍ വരുന്നത് വൈകുമെന്ന് ഉറപ്പായി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലും സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ ഇടപെടലുകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ബില്ലും അടക്കം 11 ബില്ലുകള്‍ പാസാക്കിയത്.

ഇതിനിടയില്‍ കേരള സര്‍വകലാശാല വിസി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ എത്രയും നിര്‍ദേശിക്കണമെന്ന കര്‍ശന നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 24നാണ് നിലവിലെ വിസിയുടെ കാലാവധി തീരുന്നത്. പുതിയ സര്‍വകലാശാല ബില്‍ പാസായശേഷം വിസിയെ നിയമിക്കാമെന്ന കേരള സര്‍വകലാശാലയുടെ സ്വപ്‌നവും എന്തായാലും തല്ലിത്തകര്‍ക്കാന്‍ തന്നെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം.

Related Articles

Post Your Comments

Back to top button