ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി ജെ. ചിഞ്ചുറാണി
NewsKeralaLocal News

ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി ജെ. ചിഞ്ചുറാണി

കണ്ണൂര്‍: സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് രവിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇറച്ചിക്ക് ആവശ്യമായ രോഗ ബാധയില്ലാത്ത പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണ-മൃഗശാല-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളില്‍ മാത്രമാണ് രോഗം പകരുക. എന്തിരുന്നാലും പന്നിപ്പനി ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പന്നിപ്പനി ബാധിച്ച ഇടങ്ങളില്‍ നിന്നു പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലിശക്ക് ലോണ്‍ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതിനാലാണ് രോഗബാധ പിടിച്ചുകെട്ടാനായത്.

ക്ഷീര കര്‍ഷക സംഘങ്ങളില്‍ നല്‍കുന്ന പാലിന് ഒരു ലിറ്ററിന് നാല് രൂപ വെച്ച് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. കര്‍ഷകരായ പി.എ. മാനുവല്‍, ജോമി ജോണ്‍ എന്നിവര്‍ നഷ്ടപരിഹാര തുക ഏറ്റുവാങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഡോ. വിന്നി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെമിനാര്‍ മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ, കണിച്ചാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.കെ. അന്‍വര്‍, കണിച്ചാര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം തോമസ് വടശ്ശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി. അജിത്ത് ബാബു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഒ.എം. അജിത സംസാരിച്ചു.

Related Articles

Post Your Comments

Back to top button