
ഏഥന്‍സ്: ഗ്രീസ് പൊതു തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് ജയം. എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള കേവലഭൂരിപക്ഷം പാര്‍ട്ടിക്കില്ല. സഖ്യരൂപീകരണത്തിലൂടെ കേവലഭൂരിപക്ഷം നേടാനായില്ലെങ്കില്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
ഏതാണ്ട് മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ മധ്യ-വലതുപക്ഷ പാര്‍ട്ടിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് 40.8 ശതമാനം വോട്ടും ഇടതുപക്ഷ പാര്‍ട്ടിയായ സിരിസയ്ക്ക് 20.1 ശതമാനം വോട്ടുമാണ് ലഭിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയായ പസോകാണ് മൂന്നാമത്. വോട്ട് ഷെയറിന്റെ അടിസ്ഥാനത്തില്‍ 300 അംഗ പാര്‍ലമെന്റില്‍ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് ലഭിക്കുക 145 സീറ്റാകും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 151 സീറ്റും. സിറിസയ്ക്ക് 72 സീറ്റ് , പസോക്കിന് 41 സീറ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 26 വലതുപക്ഷ ഹെലെനിക് സൊല്യൂഷന് 16 എന്നിങ്ങനെയാണ് പാര്‍ലമെന്റിലെ സീറ്റ് നില. എല്ലാ പ്രധാന കക്ഷികളും തമ്മില്‍ യോജിക്കാനാകാത്ത ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഒരു മാസത്തിനുള്ളില്‍ രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് നടന്നേക്കും.
അടുത്ത ഘട്ടമെന്ന നിലയില്‍ ഗ്രീക്ക് പ്രസിഡന്റ് കാറ്ററീന സക്കാലേറാപ്പുലു മൂന്ന് പ്രധാന പാര്‍ട്ടികള്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സമയം അനുവദിക്കു. മൂന്ന് ദിവസം വീതം സമയം അനുവദിച്ചിട്ടും നടപടിയുണ്ടായില്ലെങ്കില്‍ രണ്ടാഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ മൂന്ന് ശതമാനമെങ്കിലും വോട്ട് നേടിയ പാര്‍ട്ടികള്‍ക്ക് രണ്ടാം ഘട്ടത്തില്‍ മത്സരിക്കാം.
Post Your Comments