
ജലപാതാ വികസനം വരും വർഷങ്ങളിൽ രാജ്യത്തെ യാത്രസൌകര്യങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ വാരണാസിയിൽ എംവി ഗംഗാ വിലാസ് ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും 51 ദിവസം സഞ്ചരിച്ച് ആസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്നതാണ് നദീജല സവാരി. രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഇത് പുതിയ കാലത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് സമാന സവാരികൾ തുടങ്ങും. ഇത് തൊഴിലവസരം കൂട്ടുമെന്നും മോദി വ്യക്തമാക്കി.
3 മേൽത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ‘എംവി ഗംഗാ വിലാസ്’ കപ്പൽ. ജിം, സ്പാ സെന്റർ, ലൈബ്രറി എന്നിവയുമുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള 31 യാത്രക്കാരുടെ സംഘമാണ് കപ്പലിൽ യാത്ര ആരംഭിച്ചത്. എന്നാല്‍ ഒരാൾക്ക് മൂന്നര ലക്ഷം വരെ ചെലവ് വരുന്ന ആഡംബര ക്രൂസ് ധനികർക്ക് വേണ്ടി മാത്രമാണെന്ന് ഇതിനിടെ സമാജ് വാദി പാർട്ടി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ആഡംബരനൗക പദ്ധതി ധനികർക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ധനികര്‍ക്ക് വേണ്ടിയുള്ള പദ്ധതിയിലാണ് ബിജെപിക്ക് നോട്ടമെന്നും അഖിലേഷ് ആരോപിച്ചു. ഈ പദ്ധതികൊണ്ട് ഗംഗയില്‍ നിലവില്‍ ചെറുബോട്ടുകള്‍ ഓടിക്കുന്ന നിഷാദ വിഭാഗത്തിലുള്ളവര്‍ക്ക് എന്ത് ഗുണമാണ് ഉണ്ടാവുകയെന്നാണ് അഖിലേഷിന്റെ ചോദ്യം.
Post Your Comments