ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകളുടെ മാനദണ്ഡങ്ങൾ.

ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബന്ധപ്പെട്ട വിമാന കമ്പനികൾ നേരിട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇനി മുതൽ അനുമതി വാങ്ങേണ്ടത്. നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ നടത്തുന്ന സംഘടനകളും കമ്പനികളും ആയിരുന്നു അപേക്ഷ നൽകിയിരുന്നത്. ബന്ധപ്പെട്ട എയർ ട്രാൻസ്പോർട് ഓപ്പറേറ്റർ ആണ് ഇനി അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്രസർക്കാരുമായും അതത് രാജ്യങ്ങളിലെ ഇന്ത്യൻ അധികൃതരുമായും വിമാന കമ്പനി തന്നെ ബന്ധപ്പെടുകയും വേണം.
ചാർേട്ടഡ് വിമാനം ഒരുക്കുന്ന സംഘടനകളും സ്ഥാപനങ്ങളും ഇതുവരെ വിവിധ അംഗീകാരങ്ങൾക്ക് ഇന്ത്യൻ എംബസിയാണ് ഇടപെട്ടിരുന്നത്. ഇനി ഇതെല്ലാം എ.ടി.ഒ നേരിട്ട് വേണം ചെയ്യാൻ. അതേസമയം, അതത് രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസമുണ്ടായാൽ സഹായിക്കാൻ ഇന്ത്യൻ എംബസി സന്നദ്ധമായിരിക്കും. അപേക്ഷ നൽകുന്നതിനൊപ്പം യാത്രക്കാരുടെ വിശദാംശങ്ങളും കൈമാറണം.
ക്വാറന്റീൻ ലഭ്യത സംബന്ധിച്ച് സംസ്ഥാന സർക്കാർ പരിശോധന നടത്തുമെന്നതിനാൽ കാലതാമസം ഉണ്ടായേക്കുമെന്ന ആശങ്ക ഇക്കാര്യത്തിൽ ഉണ്ട്. സർക്കാരിന്റെ രേഖാമൂലമുള്ള അനുമതിയും എംബസിയുടെ അനുമതിയും വാങ്ങിയിരിക്കണമെന്നാണ് പുതിയ ചട്ടം. വിമാനം പുറപ്പെടുന്നതിനു മുൻപ് യാത്രക്കാരുടെ അന്തിമ പട്ടിക എംബസി, കോൺസുലേറ്റ്, ബന്ധപ്പെട്ട സംസ്ഥാന സർക്കാർ എന്നിവർക്ക് നൽകിയിരിക്കണം.