ഗുരുവായൂരപ്പന്റെ ഥാര്‍ ജീപ്പ് വീണ്ടും ലേലം ചെയ്യുന്നു

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ജീപ്പ് വീണ്ടും ലേലം ചെയ്യുന്നു. വലിയ വിവാദങ്ങളാണ് ഇതെ തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ വണ്ടി പുനര്‍ ലേലം ചെയ്യണമെന്നാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണ് വണ്ടി വീണ്ടും ലേലം ചെയ്യുന്നത് എന്നാണ് ദേവസ്വം ഭരണസമതി യോഗം തീരുമാനിച്ചിരിക്കുന്നത്.
ജീപ്പിന്റെ പുനര്‍ലേലം സംബന്ധിച്ച തീയതി മാധ്യമങ്ങള്‍ വഴി അറിയിക്കുകയും ദേവസ്വം ചെയര്മാന് ഡോ. വി കെ വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കാണിക്കയായി ജീപ്പ് ലഭിച്ചപ്പോള്‍ തന്നെ വലിയ തോതില്‍ ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ലേലത്തിന് വലിയ പ്രതികരണം ഉണ്ടാകുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചത്. എന്നാല്‍ ഡിസംബര്‍ 18 ന് നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്.
ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാര്‍ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.