'ഹര്‍ ഘര്‍ തിരംഗ'ക്ക് ഇന്ന് തുടക്കം, 20 കോടി വീടുകളില്‍ ദേശീയ പതാക ഉയരും
NewsKeralaNational

‘ഹര്‍ ഘര്‍ തിരംഗ’ക്ക് ഇന്ന് തുടക്കം, 20 കോടി വീടുകളില്‍ ദേശീയ പതാക ഉയരും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കമാകും. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കും. ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുക.

‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയോട് അനുബന്ധിച്ച് നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഹര്‍ ഘര്‍ തിരംഗ’ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടന്‍ മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കേരള റീജ്യണല്‍ ജനറല്‍ മാനേജര്‍ വിഷ്ണു നായരാണ് മമ്മൂട്ടിക്ക് ഇന്ത്യന്‍ മിനിയേച്ചര്‍ ടേബിള്‍ ഫ്‌ലാഗ് കൈമാറിയത്. വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂര്‍ എഴുത്താണിയിലെ വസതിയില്‍ പതാക ഉയര്‍ത്തി. മന്ത്രി കൃഷ്ണന്‍കുട്ടിയാണ് പതാക ഉയര്‍ത്തിയത്.

ഇന്ന് മുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്ത്രിയില്‍ പങ്കാളിയാക്കാനും ഇതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നു. വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ‘ഹര്‍ ഘര്‍ തിരംഗ’ എന്ന വെബ്‌സൈറ്റില്‍ ഇത് അപ്ലോഡ് ചെയ്യാം. ഇതിനോടകം ഒരു കോടിയിലധികം പേര്‍ അവരുടെ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ വെബ്‌സൈറ്റില്‍ പോസ്റ്റ്‌ചെയ്തിട്ടുണ്ട്.

Related Articles

Post Your Comments

Back to top button