ഹാഥ്റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ

വിവാദമായ ഹാഥ്റസ് കേസിൻ്റെ അന്വേഷണ സംഘത്തിലെ ഡി.ഐ.ജി.യുടെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് മരിച്ച നിലയിൽ കണ്ടത്. 36 വയസ്സായിരുന്നു.ലഖ്നൗവിലെ വീട്ടിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.ഹാഥ്റസ് ബലാത്സംഗ കേസ് അന്വേഷിക്കാൻ യു.പി. സർക്കാർ രൂപവത്കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്.
പുഷ്പ പ്രകാശ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചതായാണ് പോലീസ് നൽകുന്നവിവരം. ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നു ഡി.സി.പി. ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ ഉന്നാവിൽ ചുമതല വഹിക്കുന്ന ചന്ദ്രപ്രകാശിനെ കേസിൻ്റെ ഗൗരവം പരിഗണിച്ച് ഹാഥ്റസ് കേസന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ കേസ് പിന്നീട് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.