ഹേ പൂനെ നിന്നെ കാണാന്‍ ഞങ്ങള്‍ ലുങ്കി ഉടുത്തു വരുന്നു; വൈറലായി സഞ്ജുവും പിള്ളേരും

മുംബൈ: ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനത്തോടെ ആരാധക ഹൃദയം കീഴടക്കിക്കഴിഞ്ഞു മലയാളി ബാറ്റര്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ്. കഴിഞ്ഞ കളിയില്‍ കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച റോയല്‍സിന്റെ അടുത്ത എതിരാളി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. 26നാണ് ആര്‍സിബി- റോയല്‍സ് മുഖാമുഖം.
ആര്‍സിബിയെ നേരിടാന്‍ പൂനയിലേക്ക് പുറപ്പെടും മുന്‍പ് നായകന് സഞ്ജു സാംസണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായത്. കറുത്ത ലുങ്കിയും റോസ് നിറത്തിലെ ടീ ഷര്‍ട്ടും അണിഞ്ഞ് തനി നാടന്‍ മലയാളി ലുക്കിലാണ് സഞ്ജുവും കൂട്ടുകാരും യാത്രക്ക് ഒരുങ്ങിയത്.

ഹേ പൂനെ, ഞങ്ങള്‍ നിന്നെ കാണാന്‍ വരുന്നു. ഞങ്ങളുടെ സ്വന്തം ലുങ്കി അണിഞ്ഞ്- എന്ന ക്യാപ്ഷനോടെയാണ് സഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചത്. ഏതായാലും രാജസ്ഥാന് റോയല്‍സ് താരങ്ങളുടെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
