എസ്എഫ്‌ഐ നേതാവ് ആര്‍ഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
NewsKeralaPoliticsLocal NewsCrime

എസ്എഫ്‌ഐ നേതാവ് ആര്‍ഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: വധശ്രമക്കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ആര്‍ഷോയ്ക്ക് ജാമ്യം നല്‍കരുതെന്ന് പരാതിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ആണ് ഹര്‍ജിക്കാരന്‍. ആര്‍ഷോ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് നിയമത്തെ വെല്ലുവിളിച്ചുവെന്നും ഷാജഹാന്‍ വാദിച്ചു. ആക്രമണത്തിന് ഇരയായ വ്യക്തിയുമായി പ്രോസിക്യൂഷന്‍ സഹകരിക്കുന്നില്ലെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 22ന് പിജി പരീക്ഷ എഴുതാന്‍ കോടതി ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷ എഴുതാനല്ലാതെ ജാമ്യ കാലയളവില്‍ എറണാകുളം ജില്ലയില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018ല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലാണ് പി.എം. ആര്‍ഷോയ്ക്ക് എതിരെ കേസെടുത്തത്. ഈ കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇക്കഴിഞ്ഞ ജൂണില്‍ ആര്‍ഷോയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

ആര്‍ഷോയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ആര്‍ഷോയ്ക്ക് എതിരായ കേസില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തതുമായി ബന്ധപ്പെട്ട് പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ് പി.എം. ആര്‍ഷോ. എറണാകുളം മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ സ്റ്റഡീസ് ഇന്റഗ്രേറ്റഡ് പിജി വിദ്യാര്‍ത്ഥിയാണ്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ഷോയെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Related Articles

Post Your Comments

Back to top button