ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരെ,അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.

കൊച്ചി/ യുട്യൂബർ തിരുവനന്തപുരം സ്വദേശി വിജയ് പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 30ന് വിധി പറയും വരെ അവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് ഹൈക്കോടതി. ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർ തിരുവനന്തപുരം ജില്ലാകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകുകയായിരുന്നു.
പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചിരുന്നത്. ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നവർക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷൻ സ്വീകരിച്ചത്. വിജയ് പി.നായർ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കായിട്ടാണ് വിജയ് താമസിക്കുന്ന സ്ഥലത്ത് എത്തിയതെന്നാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. വിജയ് പി.നായർ ക്ഷണിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്നും ഹർജിയിൽ പറയുന്നുണ്ട്.