രത്നവ്യാപാരി ഹരിഹര വർമയെ കൊലപ്പെടുത്തിയ കേസിൽ ആദ്യത്തെ നാലു പ്രതികളെ ഇരട്ട ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി ശരിവച്ചു.

രത്നവ്യാപാരി ഹരിഹര വർമയെ കൊലപ്പെടുത്തിയ കേസിൽ ആദ്യത്തെ നാലു പ്രതികളെ ഇരട്ട ജീവപര്യന്തം ശിക്ഷിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലെ അഞ്ചു പ്രതികൾക്ക് അതിവേഗ വിചാരണ കോടതി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചിരുന്നത്. അഞ്ചാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ജസ്റ്റിസുമാരായ എ. ഹരിപ്രസാദ്, എൻ. അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഹൈക്കോടതി ഉത്തരവ്.
പ്രതികളായ തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം.ജിതേഷ്, കുറ്റിയാടി കോവുമ്മള്‍ ഹൗസില്‍ അജീഷ്, തലശ്ശേരി നിര്‍മലഗിരി കൈതേരി സൂര്യഭവനില്‍ രഖില്‍, ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രാഗേഷ്, എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരി വച്ചത്. അഞ്ചാം പ്രതി കൂര്‍ഗ് സിദ്ധാപുരില്‍ നെല്ലതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫിനെയാണ് കോടതി വെറുതെ വിട്ടത്. ആറാം പ്രതി അഭിഭാഷകനായിരുന്ന ഹരിദാസിനെ വെറുതെ വിട്ടതിനെതിരെ ഹരിഹര വർമയുടെ ഭാര്യമാർ സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. 2012 ഡിസംബര്‍ 24ന് രാവിലെയാണ് ഹരിഹര വര്‍മ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. രത്ന വ്യാപാരിയാണെന്നും രാജകുടുംബാംഗമാണെന്നും പറഞ്ഞിരുന്ന ഹരിഹര വര്‍മയുടെ കൈവശം ഉണ്ടായിരുന്ന രത്നങ്ങൾ വിലക്ക് വാങ്ങാനെത്തിയവർ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. വിലയെച്ചൊല്ലി ബോധപൂർവം തർക്കം ഉണ്ടാക്കുകയും, ഹരിഹര വര്‍മയെ ക്ലോറോഫോം മണപ്പിച്ച ശേഷം രത്നങ്ങൾ വിലക്ക് വാങ്ങാനെത്തിയവർ കടന്നുകളയുകയുമായിരുന്നു. ക്ലോറോഫേം അധികമായതിനാലാണ് വർമ്മ മരിച്ചതെന്നുമായിരുന്നു പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
അതേസമയം, ഹരിഹര വർമയെ പറ്റിയോ, അയാൾക്ക് ഈ രത്നങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റിയോ പൊലീസിന് ഇതുവരെ കണ്ടെത്താൻ ആയില്ല. ഹരിഹര വര്‍മയുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയ രേഖകളെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തിയിരുന്നത്. 65 മുത്ത്, 22 വൈഡുര്യം, 4 മാണിക്യം. 5 ഇന്ദ്രനീലം,16 പവിഴം, 73 മരതകം, 29 പുഷ്യരാഗം, ക്യാറ്റ്‌സ്‌റ്റോണ്‍, എമറാള്‍ഡ് തുടങ്ങിയ രത്‌നങ്ങളാണ് വര്‍മയുടെ കൈവശം ഉണ്ടായിരുന്നത്. ആദ്യം രത്നങ്ങൾ വ്യാജമാണെന്ന് കേസന്വേഷണം നടത്തിയ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, പിന്നീട് അവ കോടികൾ വിലമതിക്കുന്ന രത്നങ്ങളാണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.