കോവിഡ് മരണനിരക്കും, വ്യാപനവും നിയന്ത്രിക്കാൻ ഉന്നതതല സംഘം സംസ്ഥാനങ്ങളിലേക്ക്

കോവിഡ് മരണനിരക്ക് കുറക്കുക ലക്‌ഷ്യം വെച്ച് കോവിഡ് വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങി പൊതുജനാരോഗ്യ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ ഉന്നതതല സംഘം സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കും. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഫലപ്രദമായും സമയബന്ധിതമായും നേരിടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്രസംഘം സംവിധാനങ്ങളൊരുക്കി നല്കാനാണു തീരുമാനിച്ചിരിക്കുന്നത്.
ചണ്ഡിഗഡിലെ പിജിഐഎംഇആറില്‍ നിന്നുള്ള കമ്യൂണിറ്റി മെഡിസിന്‍ വിദഗ്ധനും എന്‍സിഡിസിയില്‍ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ഉള്‍പ്പെടുന്നതാണ് രണ്ടംഗ കേന്ദ്രസംഘം. കോവിഡിനെതിരായ ഫലപ്രദമായ ഇടപെടലുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഈ സംഘങ്ങള്‍ പത്തു ദിവസം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചെലവഴിച്ച് നിർദേശങ്ങൾ നൽകും. കേന്ദ്രസംഘത്തെ ഉടൻ പഞ്ചാബിലേക്കും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലേക്കും അയയ്ക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആകെ 60,013 പേരാണ് പഞ്ചാബില്‍ രോഗബാധിതരായത്. ഇതില്‍ 15,731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1739 പേര്‍ മരണപെട്ടു. ദശലക്ഷത്തില്‍ 37,546 പേരിലാണ് ടെസ്റ്റുകള്‍ നടത്തുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നിരവധി സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്രസംഘം എത്തുകയും നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ പ്രദേശത്തെ ആരോഗ്യ സംവിധാനവുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. മഹാമാരിയുടെ പകര്‍ച്ചാശൃംഖല തകര്‍ക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമായി സമഗ്രമായ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഒരുശതമാനത്തില്‍ താഴെയാണ് മരണനിരക്ക് ഉള്ളത്.