സ്വർണക്കടത്ത് പ്രതികൾക്ക് ഉന്നത ബന്ധം, സ്വപ്ന, സരിത്ത്,സന്ദീപ് എന്നിവരെ വീണ്ടും എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉന്നതരുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന കാര്യം പ്രതികൾ തന്നെ സമ്മതിച്ചിട്ടുള്ളതായിട്ടാണ് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്.
പ്രതികളുടെ മൊഴികൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് കോടതിയിൽ അന്വേഷണ ഏജൻസി തങ്ങളുടെ നിലപാട് അറിയിച്ചത്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തി. സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ ഇതോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടു. പ്രതികളെ പതിന്നാലുവരെയാണ് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ നൽകിയത്.
നേരത്തെ കസ്റ്റംസും എൻ ഐ എയും ചോദ്യം ചെയ്ത അവസരത്തിലും, ഉന്നതതല ബന്ധത്തെക്കുറിച്ച് പ്രതികൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നതാണ്. മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ കസ്റ്റംസും എൻ ഐ എയും വീണ്ടും ചോദ്യം ചെയ്തത് ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു.