

രഞ്ജിത്ത് ബാബു
മംഗളൂരു: ബി.ജെ.പി. കപടഹിന്ദുത്വവാദികളും മതേതരത്വത്തിന്റെ മുഖം മൂടി ധരിച്ചവരുമാണെന്ന് ആരോപിച്ച് അഖിലഭാരത ഹിന്ദുമഹാസഭ രംഗത്ത്. ബി.ജെ.പി. എല്ലായിപ്പോഴൂം കള്ളം പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴിച്ച് സത്യസന്ധനായ രാഷ്ട്രീയക്കാരെ കണ്ടെത്താന്‍ കഠിന ശ്രമം നടത്തേണ്ടി വരുന്ന അവസ്ഥയാണെന്ന് അഖില ഭാരത് ഹിന്ദുമഹാസഭ സംസ്ഥാാന ചീഫ് സെക്രട്ടറി ധര്‍മ്മേന്ദ്ര അഭിപ്രായപ്പെട്ടു. കുന്ദാപൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് തന്നെയാണ് ധര്‍മ്മേന്ദ്ര ബി.ജെ.പിക്ക് എതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ്സിനെ പോലെ മുസ്ലീം വോട്ടുകളില്‍ കണ്ണ് നട്ട് മതേതരത്വത്തിന്റെ മുഖം മൂടി അണിഞ്ഞാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പറഞ്ഞു.
സംഘപരിവാര്‍ ഒഴിച്ചുള്ള എല്ലാ ഹൈന്ദവ സംഘടനകളുമായും കൂടിയാലോചന നടത്തി പ്രാദേശിക-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അഖില ഭാരത ഹിന്ദുമഹാസഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. വരാനിരിക്കുന്ന 224 നിയമസഭാ മണ്ഡലങ്ങളിലും ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്മെന്റിന് ഹിന്ദുമഹാസഭ ശ്രമിക്കാറില്ല. എല്ലാ ഹിന്ദുക്കളുടേയും സംരക്ഷണമാണ് ഞങ്ങളുടെ ലക്ഷ്യം. വോട്ടിനുവേണ്ടി ആരേയും പ്രീതിപ്പെടുത്താന്‍ ഹിന്ദുമഹാസഭ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനികളായ ഹിന്ദുരാജാക്കന്മാരുടെ മൂല്യങ്ങളും സംസ്ക്കാരങ്ങളും പഠന വിഷയമാക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ പേരില്‍ രാഷ്ട്രീയക്കാരും മുതലാളിമാരും കച്ചവടം നടത്തുകയാണ്. സര്‍ക്കാര്‍ പിന്‍വാതിലൂടെ അവരെ പിന്തുണക്കുന്നു. രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിച്ച വിദേശികളെക്കുറിച്ചും രാജ്യത്തിന് വേണ്ടി നിലകൊണ്ട രാജാക്കന്മാരെക്കുറിച്ചും കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലൂടെ അറിവ് നല്‍കണം. കുട്ടികള്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസ രീതികള്‍ ഇടതുപക്ഷത്തിന്റേയും സ്വയം പ്രഖ്യാപിത ബുദ്ധിജീവികളുടേയും തീരുമാനമായി മാറുകയാണെന്ന് ഹിന്ദുമഹാസഭാ നേതാവ് പറഞ്ഞു.
Post Your Comments