ജപ്പാനില്‍ താരമായി എച്ച്.എസ്. പ്രണോയ്
Sports

ജപ്പാനില്‍ താരമായി എച്ച്.എസ്. പ്രണോയ്

ടോക്കിയോ: ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ താരമായത് മലയാളിയായ എച്ച്.എസ്. പ്രണോയ്. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ച പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. 21-17, 21-16 എന്ന സ്‌കോറിനാണ് പ്രണോയ് കെന്റോ മൊമോട്ടയെ തോല്‍പിച്ചത്.

ഇതുവരെ ഇരുവരും തമ്മില്‍ ഏഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം വിജയിച്ച ജപ്പാന്‍ താരത്തിന് പ്രണോയിക്കെതിരെയുള്ള ആദ്യ തോല്‍വിയാണ്. മത്സരത്തിലുടനീളം പ്രണോയ് സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 6-4ന് പ്രണോയ് മുന്നിലെത്തി. പിന്നീട് 11-7ലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ പ്രണോയിക്കായി. എന്നാല്‍ തിരിച്ചടിച്ച ജപ്പാന്‍ സ്‌കോര്‍ 13-12ലേക്ക് കൊണ്ടുവന്നു. എന്നാല്‍ പതറാതെ പിടിച്ചുനിന്ന പ്രണോയ് 21-17 ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ 14-10 മുന്നിലെത്തിയ പ്രണോയ് മൂന്നാം ഗെയിമിലേക്ക് മത്സരം കൊണ്ടുപോവാതെ ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി. മലേഷ്യന്‍ താരം ലീ സീ ജിയയെ തോല്‍പ്പിച്ചാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ യുദ്ധത്തിന് യോഗ്യത നേടിയത്. പുരുഷ ഡബിള്‍സില്‍ സാത്വിക്സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്വാണ്ടെമാലയുടെ ജോനതാന്‍ സോളിസ്- അനിബല്‍ മറോക്വിന്‍സ് സഖ്യത്തെ 21-8, 21-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.

Related Articles

Post Your Comments

Back to top button