സ്മാർട്ട് സിറ്റി പദ്ധതിയിലുള്ള റോഡുകളുടെ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
NewsLocal News

സ്മാർട്ട് സിറ്റി പദ്ധതിയിലുള്ള റോഡുകളുടെ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം :- സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവൃത്തികൾ നടന്നു വരുന്ന തലസ്ഥാനത്തെ പ്രധാനപ്പെട്ട റോഡുകളുടെ നിർമ്മാണവും പുനരുദ്ധാരണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

വിവിധ വകുപ്പുകളുടെ ഏകോപനം പ്രവൃത്തികൾ യഥാസമയം പൂർത്തിയാക്കാൻ അത്യന്താപേക്ഷിതമായതിനാൽ കേരള റോഡ് ഫണ്ട് ബോർഡ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.

റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബോർഡിന്റെ അധീനതയിലുള്ള റോഡുകളെ മൂന്ന് പാക്കേജുകളായി തരം തിരിച്ചിട്ടുണ്ടെന്നും ഐപിഇ ഗ്ലോബൽ എന്ന ഏജൻസിയാണ് പദ്ധതിയുടെ മേൽ നോട്ടം വഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 62 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 380 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി, ടെലിഫോൺ ലൈനുകൾ റോഡിനടിയിലൂടെ സ്ഥാപിക്കും. 2021 ഫെബ്രുവരി 11 നാണ് ഡൽഹിയിലുള്ള രണ്ടു കമ്പനികളുമായി കരാർ ഒപ്പിട്ടത്. 62 ൽ 13 റോഡുകളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ബാക്കി റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കും. 80 % പ്രവൃത്തി പൂർത്തിയാക്കിയ റോഡുകൾ ഗതാഗത യോഗ്യമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണം ആരംഭിക്കാനുള്ള റോഡുകൾ കുഴിയടച്ച് സഞ്ചാരയോഗ്യമാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ പല റോഡുകളും കുഴിച്ചിട്ടിരിക്കുകയാണെന്നും ഐ പി ബി ഗ്ലോബൽ എന്ന കൺസൾട്ടൻസിയെ പുറത്താക്കിയിട്ടും അക്കാര്യം ബോർഡ് റിപ്പോർട്ടിൽ നിന്നും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. കവടിയാർ സ്വദേശി എം ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് നപടി.

Related Articles

Post Your Comments

Back to top button