ഭാര്യയെ കാണാതായെന്ന് പൊലീസിൽ ഭര്‍ത്താവിന്റെ പരാതി; വിശദമായ ചോദ്യം ചെയ്യലിൽ ഭർത്താവ് കുടുങ്ങി
KeralaNews

ഭാര്യയെ കാണാതായെന്ന് പൊലീസിൽ ഭര്‍ത്താവിന്റെ പരാതി; വിശദമായ ചോദ്യം ചെയ്യലിൽ ഭർത്താവ് കുടുങ്ങി

കൊച്ചി : വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. രമ്യയെ താൻ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയതോടെയാണ് വിവരം പുറത്തായത്. ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിൻ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭർത്താവ് സജീവനും. ഒന്നരവർഷം മുമ്പാണ് രമ്യയെ വീട്ടിൽ കാണാതായത്. രമ്യയെ അന്വേഷിച്ച അയൽവാസികളോട് ജോലികിട്ടി ബെംഗളൂരുവിൽ പോയതാണെന്നാണ് സജീവൻ പറഞ്ഞിരുന്നത്. നാളുകൾ കഴിഞ്ഞിട്ടും രമ്യയുടെ വിവരമറിയാത്തതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ രമ്യയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തി.

അതിന് ശേഷമാണ് പത്തനംതിട്ടയിലെ നരബലി കേസുകൾ പുറത്ത് വന്നത്. ഇതോടെ പൊലീസ് മിസിംഗ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താൻ കൊന്ന് മൃതദേഹം പറമ്പിൽ തന്നെ കുഴിച്ച് മൂടിയെന്നാണ് സജീവൻ നൽകിയ മൊഴി.

Related Articles

Post Your Comments

Back to top button