ഹൈദരാബാദ് കൂട്ട ബലാത്സംഗം: എഐഎംഐഎം എംഎല്‍എയുടെ മകന്‍ പിടിയില്‍
News

ഹൈദരാബാദ് കൂട്ട ബലാത്സംഗം: എഐഎംഐഎം എംഎല്‍എയുടെ മകന്‍ പിടിയില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ ആറുപേരും പിടിയിലായി. എഐഎംഐഎം എംഎല്‍എയുടെ മകന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. ഇതില്‍ സദുദീന്‍ മാലിക്ക് (18) എന്നയാള്‍ ഒഴികെ അറസ്റ്റിലായ മറ്റുള്ളവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

ഈ അഞ്ചുപേരില്‍ എഐഎംഐഎം എംഎല്‍എയുടെ മകനെക്കൂടാതെ ബന്ധുവുമുണ്ടെന്ന് വിവരമുണ്ട്. അറസ്റ്റിലായ ആദ്യ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും പോക്‌സോയും ചുമത്തി. മെയ് 28-നായിരുന്നു 17-കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പബ്ബിലെ പാര്‍ട്ടിക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയശേഷം വാഹനത്തില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു.

യാത്രയ്ക്കിടെ ആഡംബര വാഹനത്തില്‍നിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് ബഞ്ചറഹില്‍സിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ശേഷം രാത്രി പബ്ബില്‍തന്നെ പെണ്‍കുട്ടിയെ ഇറക്കിവിട്ടു. പിന്നാലെ പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പിതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Related Articles

Post Your Comments

Back to top button