കാറിൽ സെൽഫി വരെയെടുക്കാം, തരംഗമാവാൻ ഹ്യുണ്ടായി എക്സ്റ്റർ എത്തുന്നു
NewsAutomobile

കാറിൽ സെൽഫി വരെയെടുക്കാം, തരംഗമാവാൻ ഹ്യുണ്ടായി എക്സ്റ്റർ എത്തുന്നു

ഇന്ത്യൻ റോഡുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തൊരു കോംപാക്‌ട് അർബൻ യൂട്ടിലിറ്റി വാഹനവുമായി വിപണിയിലേക്ക് എത്തുകയാണ് ഹ്യുണ്ടായി. നിലവിലെ ശത്രുവായ ടാറ്റ മോട്ടോർസിന്റെ തട്ടുപൊളിപ്പൻ മോഡലായ പഞ്ച് അരങ്ങുവാഴുന്ന സെഗ്മെന്റിലേക്കാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒരുങ്ങിയിറങ്ങുന്നത്.

ഏവർക്കും പരിചിതമായ എക്സ്റ്റർ എന്ന മൈക്രോ എസ്‌യുവി ഫീച്ചറുകൾ കൊണ്ട് ആറാടിയാണ് വരവ് തന്നെ. അതായത് ചെറുകാർ വിഭാഗത്തിൽ ഇതുവരെ കാണാത്തത്ര സവിശേഷതകളാണ് കമ്പനി പുത്തൻ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി നിരയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‍യുവിയായ എക്സ്റ്റർ അവതരിപ്പിക്കാനുള്ള ഔദ്യോഗിക തീയതി കുറിച്ചിരിക്കുകയാണിപ്പോൾ.2023 ജൂലൈ 10-ന് എക്‌സ്‌റ്റർ എസ്‌യുവി പുറത്തിറക്കും. 26 സുരക്ഷാ ഫീച്ചറുകള്‍, 40-ൽ അധികം അഡ്വാൻസ്ഡ് സേഫ്റ്റി, അഞ്ച് വേരിയന്റുകൾ എന്നിങ്ങനെ ധാരാളം പുതുമകളാവും വാഹനത്തിലുണ്ടാവുക. തീർന്നില്ല, ചെറിയ ഇലക്ട്രിക് സൺറൂഫും ഡാഷ്ക്യാമും വരെ കോർത്തിണക്കിയാവും ഈ മോഡൽ വിപണിയിലേക്ക് എത്തുകയെന്ന വിവരമാണ് എക്സ്റ്ററിന്റെ ഏറ്റവും പുതിയ ടീസർ ചിത്രം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഡ്രൈവിംഗ്, ഇവന്റ് , വെക്കേഷൻ എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം റെക്കോർഡിംഗ് മോഡുകൾക്കായി ഡാഷ്ക്യാം സ്മാർട്ട്‌ഫോണുമായി ജോടിയാകും.

ഡാഷ്‌ക്യാം ഫുൾ എച്ച്‌ഡി വീഡിയോ റെക്കോർഡിംഗിനെയാണ് പിന്തുണയ്ക്കുന്നത് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. ചിത്രങ്ങളോ സെൽഫികളോ ക്ലിക്കുചെയ്യുന്നതിന് ക്യാമറയായി ഇത് ഉപയോഗിക്കാനും കഴിയും. ടാറ്റ പഞ്ചിനെ നേരിട്ടുവെല്ലുവിളിക്കുന്ന ഹ്യുണ്ടായിയുടെ പുത്തൻ മൈക്രോ എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി എക്സ്റ്റർ പ്രീ-ബുക്ക് ചെയ്യാം. EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വേരിയന്റുകളിലാണ് വാഹനം വാങ്ങാനാവുക.എക്‌സ്‌റ്റർ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 26 സുരക്ഷാ ഫീച്ചറുകളോടെയും എൻട്രി ലെവൽ പതിപ്പുകളിൽ ഇത് ഒരു ഓപ്‌ഷനായും ലഭ്യമാകുമെന്ന് ഹ്യുണ്ടായി നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റ് 40-ലധികം നൂതന സുരക്ഷയോടെയാണ് വരുന്നത്. അതിൽ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), ബർഗ്ലർ അലാറം സിസ്റ്റം എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡി ഉള്ള എബിഎസ്, കീലെസ് എൻട്രി, റിയർ പാർക്കിംഗ് സെൻസറുകൾ, ESS എന്നിവയും ഹ്യുണ്ടായി എക്സ്റ്ററിന്റെ മറ്റ് അടിസ്ഥാന സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

രണ്ട് എഞ്ചിൻ ചോയ്‌സുകളാണ് പഞ്ചിന്റെ എതിരാളിയിൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്മാർട്ട് ഓട്ടോ എഎംടിയുമുള്ള 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ്.രണ്ടാമത്തേത് 1.2 ലിറ്റർ ബൈ-ഫ്യുവൽ കാപ്പ പെട്രോൾ എഞ്ചിൻ ഓപ്ഷനാണ്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ എസ്‌യുവിയുടെ സിഎൻജി പതിപ്പും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. കാപ്പ എഞ്ചിന് ഈ എഞ്ചിന്‍ 82 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ആറ് ലക്ഷം രൂപയാണ് എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ വിലസുന്ന ടാറ്റ പഞ്ചിന് വലിയ വെല്ലുവിളിയാകും എക്‌സ്റ്ററിന്റെ വരവ്.

Related Articles

Post Your Comments

Back to top button