കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളാക്കാന്‍ കേരളം

തിരുവനന്തപുരം: കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളാക്കാന്‍ നീക്കം. കടമെടുക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തത് മൂലം സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ സംസ്ഥാനത്ത് രൂക്ഷമാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളമായിരിക്കും ആദ്യം രണ്ട് ഗഡുക്കളാക്കുക.
കൂടാതെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം പിടിച്ചുവയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രതിസന്ധി തീരുമ്പോള്‍ പിടിച്ചുവച്ച ശമ്പളം ഒരുമിച്ച് തിരികെ നല്‍കും. അമേരിക്കയിലും മറ്റും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് ഇത്. ഈ സാമ്പത്തിക വര്‍ഷം തുടങ്ങി രണ്ട് മാസമായിട്ടും വായ്പയ്ക്ക് അനുമതി ലഭിക്കാത്തതാണ് കേരള സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
പ്രതിസന്ധി തീരുന്നത് വരെ ട്രഷറി നിയന്ത്രണം കൂടുതല്‍ കടുപ്പിക്കും. അതേസമയം സഹകരണ ബാങ്കുകളില്‍ നിന്നും സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. എടുത്ത കടത്തിന്റെ കണക്കിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ പുതിയ കടം അനുവദിക്കുകയുള്ളൂ എന്നാണ് കേന്ദ്രനിലപാട്.
കോവിഡ് കാലത്ത് വാങ്ങിയ കടവും കിഫ്ബിയിലൂടെ വാങ്ങിയ കടവും ട്രഷറിയിലെ നീക്കിയിരുപ്പ് മാറ്റിയതുമെല്ലാം പൊരുത്തപ്പെടുന്നില്ല. ഇതില്‍ കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. കേരളം തങ്ങളുടെ നിലപാടിലധിഷ്ടിതമായ മറുപടി നല്‍കിയിട്ടുണ്ട്. മറുപടി നല്‍കിയതോടെ വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളസര്‍ക്കാര്‍.