കോട്ടയത്ത് അനധികൃത മദ്യവിൽപ്പന; 102 ലിറ്റർ മദ്യം ‘സെലിബ്രേഷൻ സാബു’ വിൽനിന്നും പിടികൂടി

കോട്ടയത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ പ്രധാന പ്രതിയെ എക്സൈസ് സംഘം പിടികൂടി. ‘സെലിബ്രേഷൻ സാബു’ എന്നറിയപ്പെടുന്ന തൃക്കൊടിത്താനം സ്വദേശിയായ ചാർലി തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നൂറ് ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു.
കഴിഞ്ഞ ചില മാസങ്ങളായി എക്സൈസ് വിഭാഗം ചാർലിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും, ഇയാൾ മദ്യം വിൽക്കുന്ന സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ ഒടുവിൽ കുടുങ്ങിയത്.
നാലുകോടി വളയംകുഴി പ്രദേശത്തുള്ള ഗോഡൗണിൽ നിന്നാണ് അറസ്റ്റ് നടന്നത്. ഇവിടെ നിന്ന് 204 കുപ്പികളിലായി 102 ലിറ്റർ മദ്യം എക്സൈസ് സംഘം കണ്ടെത്തി. 400 രൂപ വിലയുള്ള മദ്യം 550 രൂപ നിരക്കിൽ, ദിവസവും 150-ഓളം കുപ്പികൾ വിറ്റഴിച്ചിരുന്നുവെന്നും, ഏകദേശം 20,000 രൂപ ദിവസവരുമാനം ലഭിച്ചിരുന്നതായും എക്സൈസ് അധികൃതർ അറിയിച്ചു.
ജില്ലയിൽ ഏറ്റവും വലിയ അനധികൃത മദ്യം വിതരണക്കാരിൽ ഒരാളാണ് ഇയാൾ എന്ന് എക്സൈസ് വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
Tag: Illegal liquor sale in Kottayam; 102 liters of liquor seized from ‘Celebration Sabu’



