ചൈനയെയും പിന്നിലാക്കി ഈ വര്‍ഷം ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ്
NewsNationalWorldBusiness

ചൈനയെയും പിന്നിലാക്കി ഈ വര്‍ഷം ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചൈനയെയും മറികടന്ന് കുതിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) പ്രവചനം. റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വളര്‍ച്ചാനിരക്ക് 3.6 ശതമാനമായിക്കും. ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനമാകുമെന്നാണ് ഐഎംഎഫ് പറയുന്നത്.

ജനുവരിയിലെ വളര്‍ച്ച അനുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കുത്തനെയുള്ള കുറവാണ് ഉണ്ടായിരിക്കുന്നതെങ്കിലും ചൈനയുള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങളെ കടത്തിവെട്ടികൊണ്ടാണ് ഇന്ത്യയുടെ വളര്‍ച്ച അനുമാനം എന്നാണ് ഐഎംഎഫ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഒന്‍പത് ശതമാനമുണ്ടായിരുന്ന വളര്‍ച്ച അനുമാനം 8.2 ശതമാനമായാണ് ഐഎംഎഫ് കുറച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ 0.8 ശതമാനം കുറവുണ്ടായതായി ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.9 ശതമാനമായി രേഖപ്പെടുത്തിയിരുന്നു. റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് 2023ലെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം താഴേക്ക് പോയിരിക്കുന്നത്. കൂടാതെ ഇത് ഊര്‍ജത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും വില വര്‍ധനവിനും വളര്‍ച്ചയുടെ വേഗത കുറവിനും കാരണമായി എന്നാണ് വിദഗ്ധരുടെ നിഗമനം. അതേസമയം ചൈനയുടെ കാര്യം പരിശോധിക്കുമ്പോള്‍ 2021ല്‍ 8.1 ശതമാനം വളര്‍ച്ചയാണ് ചൈനയ്ക്ക് ഉണ്ടായിരുന്നത്.

ചൈന 2022ല്‍ 4.4 ശതമാനവും 2023-ല്‍ 5.1 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് ഇപ്പോള്‍ ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ച അനുമാനത്തില്‍ നിന്നും വളരെ പുറകിലായാണ് ചൈനയുടെ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ അധിനിവേശം, അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച, മറ്റ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ വന്‍തോതിലുള്ള പലായനം എന്നിവ കാരണം ഉക്രൈനിന്റെ സമ്പദ്വ്യവസ്ഥ 35 ശതമാനം തകരുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button