ഒറ്റമുറിയില്‍ കാര്‍ഡ് ബോര്‍ഡിലും പ്ലാസ്റ്റിക് കവറുകളിലും പൊടിയും മാറാലയും പിടിച്ച് നോട്ടുകെട്ടുകള്‍
KeralaNewsLocal NewsCrime

ഒറ്റമുറിയില്‍ കാര്‍ഡ് ബോര്‍ഡിലും പ്ലാസ്റ്റിക് കവറുകളിലും പൊടിയും മാറാലയും പിടിച്ച് നോട്ടുകെട്ടുകള്‍

പാലക്കാട്: 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലന്‍സ് സംഘം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ചെറിയ മുറിയുടെ പലയിടങ്ങളിലായി കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലും നിറയെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഇവ എണ്ണി തിട്ടപ്പെടുത്താന്‍ തന്നെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളെടുത്തു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണd പൂര്‍ത്തിയായത്.

പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് ഇരുന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അത്രത്തോളം പഴക്കം നോട്ടുകള്‍ക്ക് ഉണ്ട്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് സംഘം അറിയിച്ചത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന മാത്രമാണു പൂര്‍ത്തിയാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും വിജിലന്‍സ് സംഘം അറിയിക്കുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു.

Related Articles

Post Your Comments

Back to top button