കേരളത്തില്‍ ലഭിക്കുന്ന മട്ടയരിയില്‍ മായം വ്യാപകം: അറിഞ്ഞഭാവമില്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ്
NewsKeralaLife StyleCrime

കേരളത്തില്‍ ലഭിക്കുന്ന മട്ടയരിയില്‍ മായം വ്യാപകം: അറിഞ്ഞഭാവമില്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ്

കൊച്ചി: കേരളത്തില്‍ വിതരണം ചെയ്യുന്ന മട്ടയരിയില്‍ മായം വ്യാപകം. എന്നാല്‍ ഇക്കാര്യം അറിഞ്ഞഭാവം നടിക്കാതെ പോവുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. കാസര്‍ഗോഡ് ജില്ലയില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതോടെയാണ് വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന ഭക്ഷ്യസുരക്ഷ വകുപ്പ് ഒന്നുണര്‍ന്നത്. അത്യാവശ്യം റെയ്ഡുകളും ഹോട്ടലുകള്‍ അടപ്പിക്കലുമൊക്കെയായി അവര്‍ സജീവമായി. കേരളീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് അരി ഭക്ഷണം. കേരളീയര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാവട്ടെ മട്ടയരിയും.

ഈ മട്ടയരിയിലാണ് ഏറ്റവും കൂടുല്‍ മായം കലരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന റേഷനരിയില്‍ കളറടിച്ച് വിപണിയിലെത്തിക്കുന്ന സംഘങ്ങള്‍ വ്യാപകമാവുകയാണ്. കേരള- തമിഴ്‌നാട് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ സൈ്വരവിഹാരം നടത്തുകയാണ്. ടണ്‍ കണക്കിന് അരിയാണ് നിത്യേന തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തുന്നത്. ഇതറിഞ്ഞിട്ടും ഭക്ഷ്യസുരക്ഷ വകുപ്പ് മൗനം പാലിക്കുകയാണ്. സിവില്‍ സപ്ലൈസ് അധികൃതരാകട്ടെ ഇതുവരെ ഇക്കാര്യം അറിഞ്ഞതായി പോലും നടിക്കുന്നില്ല.

തിരുവനന്തപുരം, പാലക്കാട് ജില്ലകളുടെ അതിര്‍ത്തി വഴിയാണ് തമിഴ്‌നാട്ടില്‍ നിന്നും കൂടുതല്‍ അരി കേരളത്തിലെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ ഇഞ്ചിവിള, കളിയക്കാവിള മേഖലകളിലും പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം, വാളയാര്‍ മേഖലകളിലുമാണ് ഇത്തരം സംഘങ്ങള്‍ വ്യാപകമായുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് ഒരു കിലോ അരിക്ക് 12 രൂപ നല്‍കി വാങ്ങി 19 രൂപയ്ക്കാണ് ഏജന്റുമാര്‍ ഗോഡൗണുകള്‍ക്ക് നല്‍കുന്നത്. ഏജന്റുമാര്‍ അരിയില്‍ കളറും എണ്ണയും രാസവസ്തുക്കളും ചേര്‍ത്ത് ചൂടാക്കിയാണ് മട്ടയരിയാക്കി മാറ്റുന്നത്. ഈ അരി അഞ്ച് മിനിട്ട് വെള്ളത്തിലിട്ടാല്‍ നിറമിളകി നല്ല വെളുത്ത നിറമാകും.

ഇത്തരത്തില്‍ അരിയില്‍ ചേര്‍ക്കുന്ന കളറാകട്ടെ ഭക്ഷ്യവസ്തുക്കളുടെ ഗണത്തില്‍ പെടാത്തതാണ്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വസ്തുവാണ് അരിയില്‍ കളര്‍ നല്‍കാന്‍ ചേര്‍ക്കുന്നത്. കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന അരിയും ചിലര്‍ ഇത്തരത്തില്‍ ശേഖരിച്ച് മായം കലര്‍ത്തി വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അറിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കാത്തത് ഗോഡൗണ്‍ നടത്തിപ്പുകാരുമായി ഇവര്‍ക്കുള്ള നീക്കുപോക്ക് മൂലമാണെന്ന ആരോപണം ശക്തമാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഇത്തരം മായം കലര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

Related Articles

Post Your Comments

Back to top button