DeathEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNews

കരിപ്പൂര്‍, രാജമല ദുരന്തങ്ങളിൽ പൊലിഞ്ഞ മനുഷ്യ ജീവനുകളുടെ കാര്യത്തിൽ, സർക്കാർ തരം തിരിവ് കാട്ടി.

കരിപ്പൂര്‍, രാജമല ദുരന്തങ്ങളിലെ ധനസഹായത്തില്‍ വേര്‍തിരിവില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പറയേണ്ടി വന്നു. രണ്ടും രണ്ടുരീതിയിലുള്ള ദുരന്തങ്ങളാണ് എന്നും, നഷ്ടം വിലയിരുത്തി കൂടുതല്‍ സഹായം നൽകുമെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
സത്യത്തിൽ അതല്ല ശരി. കരിപ്പൂര്‍, രാജമല ദുരന്തങ്ങളിൽ പൊലിഞ്ഞ മനുഷ്യ ജീവനുകളുടെ കാര്യത്തിൽ, സർക്കാർ തരം തിരിവ് കാട്ടുക തന്നെയായിരുന്നു. രാജമലയിലേത് സാമൂഹ്യ ധാരക്ക് കീഴിലുള്ള പട്ടിണിപ്പാവങ്ങളായ കൂലിപ്പണിക്കാരും, കരിപ്പൂരിലേത് വിമാനത്തിൽ എത്തിയവരുമായിരുന്നു. അതുകൊണ്ടാണ് മുഖ്യന്റെ ഉപദേശക വൃന്ദത്തിന് ധനസഹായം തീരുമാനിക്കുന്ന കാര്യത്തിൽ ഇത്തരമൊരു കൊടും ക്രൂരമായ തെറ്റ് സംഭവിച്ചത്.
ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ഗുരുതരമായ തെറ്റാണ് ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ധനസഹായവും നഷ്ടവും അനുവദിക്കുന്ന കാര്യത്തിൽ കരിപ്പൂര്‍, രാജമല ദുരന്തങ്ങളിലെ മനുഷ്യ ജീവനുകളോട് കാട്ടിയത് രണ്ടുതരം വിലയിടീൽ ആയിരുന്നു എന്ന് പറയാതിരിക്കാനാവില്ല. അവർണ്ണനോട് സവർണ്ണൻ പഴയ നാട്ടു ഭരണകാലത്ത് പോലും കാണിക്കാൻ മടിക്കുന്ന നടപടി. അതും സംസ്ഥാനത്തെ ഭരണ സാരഥിയായ മുഖ്യന്റെ ഭാഗത്തുനിന്ന് ഉണ്ടായതിൽ ആണ് പ്രതിഷേധം ഉണ്ടായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പിറകെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉണ്ടായതോടെ പറയുന്നത് പലതും ഏടാകൂടം ആണെന്നറിഞ്ഞാൽ മാറ്റിപ്പറയാറുള്ള മുഖ്യമന്ത്രി ഇക്കാര്യത്തിലും, ഒന്ന് മലക്കം മറിഞ്ഞു മറ്റൊരു മാറ്റിപ്പറയൽ നടത്തി. നഷ്ടം വിലയിരുത്തി കൂടുതല്‍ സഹായം നൽകുമെന്നായിരുന്നു ആ മാറ്റിപ്പറച്ചിൽ. കരിപ്പൂരിൽ മരണപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിക്കുന്നത് നഷ്ടം വിലയിരുത്തുകയോ, കണക്കാക്കുകയോ ചെയ്തിട്ടായിരുന്നില്ല. പിന്നെന്തുകൊണ്ട് രാജമല ദുരന്തത്തിലെ പാവങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിൽ നഷ്ട്ടം കണക്കാക്കണമെന്നു പറഞ്ഞിരിക്കുന്നു എന്നതാണ് മനസ്സിലാക്കാൻ കഴിയാത്തത്.

തമിഴകത്തുനിന്നു ജോലി തേടി ഹൈറേഞ്ചിലെ മലമടക്കുകളിൽ എത്തിയവരുടെ സർവ്വതും ആണ് രാജമലയിൽ ഉരുൾ പൊട്ടിയൊഴുകിയപ്പോൾ മണ്ണിനടിയിൽ നഷ്ടമായത്. തകര ഷീറ്റു മേഞ്ഞ രണ്ട് മുറികളടങ്ങുന്ന ലയങ്ങളിലായിരുന്നു അവരുടെ ജീവിതം. പകലന്തിയോളം തേയില തോട്ടങ്ങളിൽ പണിയെടുത്തിരുന്നിട്ടും കഴിഞ്ഞ മൂന്നുമാസക്കാലമായി കൂലികിട്ടാതെ ദാരിദ്ര്യത്തിന്റെ കയ്പുനീർ കടിച്ചിറക്കി ഉറങ്ങാൻ കിടന്നവരെയാണ് കൂട്ടത്തോടെ രാജമലയിൽ ഉരുൾ മരണമായി വന്നു കൂട്ടിക്കൊണ്ടുപോയത്. നേരം പുലരും മുൻപ് ഉറക്കമുണർന്ന് തട്ടുകളാക്കി വെട്ടിയൊതുക്കിയ തേയിലത്തോട്ടങ്ങളിൽ നിസ്സാര വേതനത്തിന് പണിയെടുക്കുന്നവരായിരുന്നു അവർ. കനത്ത മഴയും, മൂടൽ മഞ്ഞുമൊന്നും ആ പാവങ്ങൾക്ക് ഒരു പ്രശ്നമായിരുന്നില്ല. നമ്മുടെ പ്രഭാതങ്ങളെ ഉന്മേഷപ്രദമാക്കാൻ അവർ തേയില നുള്ളുന്നവരായിരുന്നു.
പച്ചക്കാനത്തെ തമിഴ് വംശജർ താമസിക്കുന്ന ലയത്തിലെ കുട്ടികൾ പാഠശാലയിൽ എത്താൻ വനത്തിലൂടെ എട്ടു മണിക്കൂർ താണ്ടേണ്ടി വരുന്ന അവസ്ഥയായിരുന്നു. ആനകളുടെ സാന്നിധ്യമുണ്ടായാൽ പാതി വഴിയിൽ പഠനം അവസാനിപ്പിച്ചു മടങ്ങുന്നവരായിരുന്നു ആ കുഞ്ഞുങ്ങൾ. അത്യാഹിത മുണ്ടായാൽ കോട്ടയത്തോ, കൊച്ചിയിലോ ഉള്ള ആശുപത്രികളിൽ എത്തിക്കുമ്പോൾ പലർക്കും ജീവൻ നഷ്ടപെട്ട കഥകൾ നിരവധിയാണ്.

മലമടക്കുകൾക്കിടയിൽ രണ്ട് മുറികളിൽ ഇവരുടെ ജീവിതം ഒതുങ്ങുമ്പോൾ അവരെ സേവിക്കുന്നതായി അവകാശപ്പെടുന്നവർ മലമടക്കുകൾ തുരന്നു റിസോർട്ടുകളും, കരിങ്കൽ ക്വറികളും തീർക്കുകയായിരുന്നു. നക്ഷത്ര ഹോട്ടലുകളിൽ ബെല്ലി ഡാൻസ് കാണുകയായിരുന്നു. തൊഴിലാളിസ്‌നേഹത്തിന്റെ പുതുപുത്തൻ ജാഡകളിൽ രാഷ്ട്രീയ തൊഴിലാളി യൂണിയൻ നേതാക്കൾ ആഡംബര കാറിൽ ഊര് ചുറ്റുകയായിരുന്നു. ഈ പാവങ്ങളുടെ തലയെണ്ണി കങ്കാണിവേല ചെയ്യുകയായിരുന്നു. പശിയടക്കാതിരിക്കാൻ കഴിയാതെ ലയങ്ങളിലെ അന്തേവാസികൾ അപ്പോഴൊക്കെ കുഞ്ഞുങ്ങളെ മാറോടു ചേർത്ത് വിലപിക്കുകയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞപോലെ എത്തിപ്പെടാൻ ഏറെ അസൗകര്യങ്ങൾ ഉള്ള രാജമലയെ അറിയാനും അവിടുത്തെ മനുഷ്യരുടെ പരിദേവനങ്ങൾ അറിയാനും ഇതുവരെ ആരും ശ്രമിച്ചിരുന്നില്ല.
ഭരണ പ്രതിപക്ഷ പാർട്ടികൾക്കൊക്കെ രാജമലക്കാരോട് പ്രേമം വരുന്നത് തെരെഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. പ്രകൃതിയെ കീറിമുറിക്കുന്നവർ മൂന്നു ദിവസത്തെ നിരോധനം കഴിഞ്ഞു വീണ്ടും മലമടക്കുകൾ ഉഴുതു മറിക്കപെടുമെന്ന് തിരിച്ചറിഞ്ഞവർ. പുത്തു മലയിലെന്നപോലെ, പെട്ടിമുടിയിലും ജീവൻ നഷ്ടപ്പെട്ടത് ഇവർക്കാണ്. ഇവരോടാണ് സംസ്ഥാന മുഖ്യമന്ത്രി വേർതിരിവ് കാട്ടിയത്. രാജമലയിലെ മരണങ്ങൾക്ക് അഞ്ചുലക്ഷവും, കരിപ്പൂരിലെ മരണങ്ങൾക്ക് 10 ലക്ഷവുമാണ് വിലയിട്ടത്.

ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട കുടുംബാംഗങ്ങൾക്ക് സർക്കാർ10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും രാജമലയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം മാത്രവും നല്‍കുന്നതിനെ ചോദ്യം ചെയ്ത് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വരുന്നത് ഈ സാഹചര്യത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിലെ അനീതി ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് വിമര്‍ശനമുന്നയിച്ച് വന്നത്.

വള്ളിക്കീഴൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button