കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളം പുതിയൊരു ചരിത്രം കൂടി എഴുതി.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കേരളം പുതിയൊരു ചരിത്രം കൂടി എഴുതി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് പാത്തു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഫേസ് ബുക്കിൽ കുറിച്ചു.
പ്രായത്തിന്റെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കൊവിഡിന്റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം നല്കിയ മെഡിക്കല്‍ കോളേജിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.