
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഇടാക്കും. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ യൂണിറ്റിന് ഒൻപതു പൈസ സര്‍ച്ചാര്‍ജ് എന്ന നിലയിലാണ് വർധന. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാണ് നിരക്കിൽ യൂണിറ്റിന് 9 പൈസ വർധിപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയത്.
വൈദ്യുതി ഉൽപാദനത്തിന് വേണ്ടി വരുന്ന ഇന്ധനത്തിന്റെ വില വർധന മൂലം ഉണ്ടാകുന്ന അധിക ചിലവാണ് സര്‍ച്ചാര്‍ജായി ഉപഭോക്താകളിൽ നിന്ന് ഈടാക്കുന്നത്. ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപയോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നതിനാൽ മേയ് കഴിഞ്ഞും നിരക്കിൽ വർധനയുണ്ടാകും.
Post Your Comments