
കൊല്‍ക്കത്ത: മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളിലൂടെ അഫ്ഗാനെ വീഴ്ത്തി ഇന്ത്യയുടെ മുന്നേറ്റം. ഏഷ്യന്‍ കപ്പ് യോഗ്യത നേടാന്‍ ഇനി ഇന്ത്യയ്ക്ക് ഒരു മത്സരം മാത്രം ജയിച്ചാല്‍ മതി. ഇഞ്ച്വറി ടൈമിലാണ് സഹല്‍ ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യന്‍ വിജയം. 86ാം മിനുട്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ മുന്നിലെത്തി.
എന്നാല്‍ അതിന് കേവലം രണ്ട് മിനുട്ട് മാത്രമായിരുന്നു ആയുസ്. 88ാം മിനുട്ടില്‍ അഫ്ഗാന് സമനില പിടിച്ചു. തുടര്‍ന്ന് ആഷിഖ് കരുണിയനും സഹലും ചേര്‍ന്നുള്ള മുന്നേറ്റത്തിലൂടെയാണ് ഇന്ത്യയുടെ വിജയഗോള്‍ പിറന്നത്. ആദ്യം അഫ്ഗാന്റെ ആക്രമണത്തോടെയായിരുന്നു തുടക്കം. എന്നാല്‍ ഇന്ത്യ ആക്രമണം തുടങ്ങിയതോടെ അഫ്ഗാന് പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു.
50ാം മിനുട്ടില്‍ ഇന്ത്യ ലീഡ് എടുക്കേണ്ടതായിരുന്നു. മന്‍വീര്‍ നല്കിയ ക്രോസ് ഹെഡ് ചെയ്ത് അഫ്ഗാന് വല കുലുക്കാന്‍ ഛേത്രിക്ക് കഴിഞ്ഞില്ല. ഫിഫ റാങ്കിങ്ങില്‍ 106ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാന് 150ാം സ്ഥാനത്തും. ആദ്യ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ വീഴ്ത്തിയിരുന്നു. ഇനിയുള്ള ഒരു മത്സരത്തില്‍ കൂടി ജയം പിടിച്ചാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പിന് യോഗ്യത നേടാം. ചൊവ്വാഴ്ച ഹോങ്കോങ്ങിന് എതിരെയാണ് ഇന്ത്യയുടെ മത്സരം.
Post Your Comments