ദക്ഷിണ ചൈനക്കടലിലും, അൻഡമാൻ ദ്വീപിനു സമീപവും, ഇന്ത്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചു.

ഗൽവാൻ മലനിരകളിൽ ഉണ്ടായ സംഘർഷത്തിന് പിറകെ ദക്ഷിണ ചൈനക്കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ. ജൂൺ 15നാണ് ലഡാക്കിൽ ഇന്ത്യയും ചൈനയിലും തമ്മിൽ സംഘർഷമുണ്ടാവുകയും, സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തിന് പിറകെയാണ് ദക്ഷിണ ചൈനക്കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ നിലയുറപ്പിച്ചു വരുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൃത്രിമ ദ്വീപ് നിർമിച്ച് 2009 മുതൽ ചൈന ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന മേഖലയിലാണ് ഇന്ത്യൻ നാവികസേന യുദ്ധക്കപ്പൽ അയച്ചിരിക്കുന്നത്. നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടെ ഇന്ത്യൻ യുദ്ധക്കപ്പൽ വിന്യസിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരിക്കുക യാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ മേഖലയിലേക്ക് മറ്റു രാജ്യങ്ങളുടെ കപ്പലുകൾ വരുന്നത് ചൈന തടഞ്ഞു വരുകയായിരുന്നു.

ഇന്ത്യൻ യുദ്ധക്കപ്പൽ വിന്യസിച്ചതിന് പിന്നാലെ യുഎസിന്റെ യുദ്ധക്കപ്പലുകളും ദക്ഷിണ ചൈന കടലിൽ എത്തുകയായിരുന്നു. ഇതേസമയം തന്നെ അൻഡമാൻ നിക്കോബാർ ദ്വീപിനു സമീപത്തും ഇന്ത്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്. മലാക്ക കടലിടുക്ക് വഴിയാണ് ചൈനീസ് ചരക്ക് കപ്പലുകൾ കടന്നു പോകുന്നത്. ഇവയുടെ സഞ്ചാരവും ഇന്ത്യൻ യുദ്ധക്കപ്പലുകൾ നിരീക്ഷിച്ചു വരുന്നു. ഇന്ത്യയുടെ കൂടുതൽ അന്തർവാഹിനികളും ഇവിടേക്ക് എത്തിയിട്ടുള്ളതായും റിപ്പോർട്ടുകൾ പറയുന്നു.