ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍
NewsNational

ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍

ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം. രാജ്യമെമ്പാടും ബ്രീട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും മോചനം നേടിയ ദിവസം ആഘോഷപൂര്‍വം കൊണ്ടാടുകയാണ്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ ക്യാമ്പയ്‌നിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തി ജനങ്ങളും ഏഴരപതിറ്റാണ്ടിന്റെ സ്വാതന്ത്ര്യം ഉത്സവത്തിമര്‍പ്പോടെ ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി.

ഇത്തവണ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തുന്നത് അങ്കണവാടി ജീവനക്കാര്‍, വഴിയോരക്കച്ചവടക്കാര്‍, മുദ്ര സ്‌കീമില്‍ വായ്പയെടുത്തവര്‍, മോര്‍ച്ചറി ജീവനക്കാര്‍ മുതലായി സമൂഹത്തില്‍ അവഗണന ഏറ്റുവാങ്ങുന്നവരാണ്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താനെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിക്കും. പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത് ഒമ്പതാം തവണയാണ് നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്നത്.

ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങളും തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആരോഗ്യമേഖലയിലും മറ്റുമായി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താനാണ് സാധ്യത. ഇന്ത്യയെ മെഡിക്കല്‍ ടൂറിസത്തിന്റെ ഹബ് ആക്കുന്നതിനുള്ള ഹീല്‍ ഇന്‍ ഇന്ത്യ, ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷിയില്‍ രാജ്യത്തെ മുന്‍നിരയിലെത്തിക്കുന്നതിനുള്ള ഹീല്‍ ബൈ ഇന്ത്യ എന്നീ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഇത്തവണ നിര്‍വഹിക്കുന്നത് വ്യോമസേനയാണ്. കേരളത്തിലും ഇന്ന് വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒന്‍പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലും നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷും പതാക ഉയര്‍ത്തും. വിവിധ ജില്ല ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

Related Articles

Post Your Comments

Back to top button