
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് കിരീടപ്പോരാട്ടത്തിന് ഇറങ്ങും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരപ്പോരാട്ടം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ആണ് നടക്കുക. ആദ്യമായാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇല്ലാതെ വനിതാ ഏകദിന ലോകകപ്പ് ഫൈനൽ നടക്കുന്നത്.
മുമ്പ് രണ്ട് തവണ ഫൈനലിൽ എത്തിയിട്ടും കിരീടം നേടാനായിട്ടില്ലാത്ത ഇന്ത്യക്ക് ഇത് മൂന്നാം അവസരമാണ്.
അതേസമയം, ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനൽ കൂടിയാണ് ഇത്. ഏഴുതവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ സെമിയിൽ തോൽപ്പിച്ച ആത്മവിശ്വാസത്തോടെ ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ സ്വന്തം മൈതാനത്ത് കിരീടം ലക്ഷ്യമിടുന്നു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയാണ് ചരിത്രപരമായ ഫൈനൽ പ്രവേശനം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ മൂന്നു വിക്കറ്റ് തോൽവിക്ക് പകരംവീട്ടാനുള്ള അവസരവുമാണ് ഇന്ത്യയ്ക്കിത്.
ജമീമ റോഡ്രിഗ്‌സിന്റെ ചരിത്രനിർമ്മാണ സെഞ്ചുറി ടീമിനും ആരാധകർക്കും വൻ ആത്മവിശ്വാസം നൽകി. മികച്ച ഫോമിലുള്ള ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നൽകിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. മധ്യനിരയ്ക്ക് കരുത്തായി ജമീമ, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, റിച്ച ഘോഷ് എന്നിവരും ഉണ്ടാകും. ബൗളിംഗ് വിഭാഗത്തിൽ ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് എന്നിവർ നിർണായകമായ പങ്ക് വഹിക്കും.
ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ ലോറ വോൾവാർട്ട്, നെയ്ദിൻ ഡി ക്ലാർക്ക്, മരിസാൻ കാപ്പ്, ടസ്മിൻ ബ്രിറ്റ്സ് എന്നിവരിലാണ്. ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ ടോസ് നിർണായകമായേക്കും. രണ്ടാമതായി ബൗളിംഗ് ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച വെല്ലുവിളിയായേക്കാമെന്നും, മഴ മത്സരത്തിന്റെ രസംകുറയ്ക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.
Tag: India to face South Africa in Women’s ODI World Cup today



