ആമസോണും ഫ്ലിപ് കാർട്ടും വിപണി വാഴുമ്പോൾമേക്ക് ഇൻ ഇന്ത്യ പാളം തെറ്റുന്നോ?
NewsNationalBusiness

ആമസോണും ഫ്ലിപ് കാർട്ടും വിപണി വാഴുമ്പോൾ
മേക്ക് ഇൻ ഇന്ത്യ പാളം തെറ്റുന്നോ?

ചൈനയുമായുള്ള വ്യാപാരക്കമ്മി 73 ബില്യൺ ഡോളറിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 94.16 ബില്യൺ ഡോളറിൻ്റേത്.

ജയൻ കോമത്ത്

ന്യൂഡൽഹി : പുതിയ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വിദേശ വ്യാപാരത്തിൻറെ സ്ഥിതി വിവരക്കണക്കുകൾ പുറത്തു വന്നിരിക്കുന്നു.അമേരിക്കയിലേക്കുള്ള നമ്മുടെ കയറ്റുമതി 76.11 ബില്യൺ യു എസ് ഡോളറായിരിക്കുന്നു. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 43.31 ബില്യൺ ഡോളറും. അതായത് അമേരിക്കയുമായുള്ള വാണിജ്യ വ്യാപാര ഇടപാടിൽ ഇന്ത്യയ്ക്ക് ആകെ ഉണ്ടായിരിക്കുന്നത് 32.8 ബില്യൺ യു എസ് ഡോളർ മിച്ചമാണ്. ആശ്വാസകരമായ കണക്കുകൾ. ഇനി ചൈനയുമായുള്ള
വ്യാപാരത്തിൻറെ സ്ഥിതി വിവരക്കണക്കുകൾ നോക്കാം.ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ചെനയിലേക്ക് നാം നടത്തിയ കയറ്റുമതി 21.25 ബില്യൺ ഡോളറിൻ്റേതാണ്. എന്നാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞവർഷം മാത്രം 94.16 ബില്യൺ ഡോളറിൻ്റേതായിരുന്നു. അതായത് ചൈനയുമായുള്ള വ്യാപാര ഇടപാടിൽ ഇന്ത്യയ്ക്കുണ്ടായത് 72.91 ബില്യൺ യു എസ് ഡോളറിൻ്റെ കമ്മിയാണ്.കഴിഞ്ഞ വർഷത്തെ കണക്കുകൾ കൂടി പരിശോധിക്കുമ്പോളാണ് അപകടത്തിൻ്റെ ആഴം വ്യക്തമാവുക. 2017-2018ൽ ചൈനയുമായുള്ള വ്യാപാര കമ്മി 63.05 ബില്യൺ ഡോളറായിരുന്നു. 2020-2021 വർഷത്തിൽ അത് 44.02 ബില്യൺ ഡോളറാക്കി കുറക്കാൻ നമുക്ക് കഴിഞ്ഞു. അതാണ് ഇപ്പോൾ 28.89 ബില്യൺ കൂടി ഉയർന്ന് അപായകരമായ നിലയിലെത്തിയിരിക്കുന്നത്.


ഈ സ്ഥിതി വിവരക്കണക്കുകൾ വിശകലനം ചെയ്യുമ്പോഴാണ് നമ്മുടെ വ്യവസായ വളർച്ചയെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടു പിടിക്കുന്നത്. ആഗോളവൽക്കരണത്തിൻ്റെ സാധ്യതകൾ മുതലെടുത്ത് ചൈന വൻ തോതിൽ ഉൽപ്പാദനം നടത്തി അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്ത്ഇന്ത്യയിൽ കുന്നുകൂട്ടുകയാണ് എന്നത് ഒരു വാദം. ലഗേജുകൾ, ഫാനുകൾ,പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ ഇലക്ട്രോണിക് ഉപകരണങ്ങൾ, മരുന്ന് നിർമ്മാണത്തിലെ രാസ ചേരുവകൾ,സ്റ്റീൽ റോളുകൾ തൊട്ട് ഡയപ്പറുകൾ വരെ ചൈനയിൽ നിന്നെത്തുന്നു.ആഗോളവൽക്കരണത്തിൻറെ
നാളുകളിൽ തുറന്ന കമ്പോളത്തിലേക്ക് ചൈനയിൽ നിന്ന് ചരക്കുകൾ എത്തുന്നത് തടയാനാകില്ല എന്നത് മറ്റൊരു വസ്തുത. പക്ഷേ അപ്പോഴും തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യൻ ഉപഭോക്താവിനുണ്ട്.വിലക്കുറവിൻ്റെ ആകർഷണീയതയിൽ വീണ് ആമസോണിലും ഫ്ലിപ്കാർട്ടിലും വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ തേടി ഓർഡർ ചെയ്യുമ്പോൾ ആ പണം എത്തുന്നത് ചൈനീസ് ഉൽപ്പാദകർക്കാണെന്ന് ആരും ഓർക്കാറില്ല. അങ്ങിനെ നാം അമേരിക്കയിലേക്ക് സോഫ്റ്റ് വെയറും സേവനങ്ങളും കയറ്റുമതി ചെയ്ത് വ്യാപാരമിച്ചം നേടിയത് ചൈനയ്ക്കുമുന്നിൽ ഗാർഹികോപകരണങ്ങൾ അടക്കമുള്ള മാനുഫാക്ചറിങ്ങ് ഐറ്റംസ് വാങ്ങിക്കൂട്ടി കമ്മിയിലെത്തിക്കുന്നു. ഇത് ബാധിക്കുന്നത് സമ്പദ് വ്യവസ്ഥയെ മാത്രമല്ല. സ്വാഭാവികമായും കയറ്റുമതി സാധ്യതയുള്ളത് സോഫ്റ്റ് വെയറിനാണെന്നും
ഉൽപ്പാദനവ്യവസായങ്ങൾ കൊണ്ട് കാര്യമില്ലെന്നും നമ്മുടെ ചെറുപ്പക്കാർ ചിന്തിച്ചു പോകുന്നു.പ്രതിഭയും കഴിവുമുള്ളവരൊക്കെ സോഫ്റ്റ് വെയർ രംഗത്തേക്ക് പോകുന്നു.ഉൽപ്പാദന വ്യവസായ മേഖലകളിലും ഫാക്റ്ററികളിലും മികച്ച പ്രതിഭകളെ കിട്ടാതെ വരുന്നു. ഗ്രാമീണ തൊഴിലവസരമെന്നാൽ ശരാശരി ഇന്ത്യക്കാരന് കൃഷി മാത്രമായിത്തീരുന്നു.ഗാർഹികോപകരണ നിർമ്മാണത്തിലൂന്നിയ
വ്യവസായ ഉൽപ്പാദന കേന്ദ്രങ്ങൾ രാജ്യത്ത് ഉയർന്നു വരികയും മാസ് പ്രൊഡക്ഷൻ സാങ്കേതിക വിദ്യയിലേക്ക് മാറുകയും ചെയ്തില്ലെങ്കിൽ 10 വർഷത്തിനുള്ളിൽ ചൈനീസ് ഇറക്കുമതി ഇന്ത്യയെ കീഴടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.


ഇവിടെ ചിലരെങ്കിലും മറുവാദം ഉയർത്തുന്നത് ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ ഭൂരിഭാഗവും നടത്തുന്നത് നമ്മുടെ വ്യവസായശാലകളുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് എന്നതാണ്. അത് ഭാഗികമായി ശരിയാണ്.പക്ഷേ അപ്പോഴും ആമസോണും ഫ്ലിപ്പ് കാർട്ടും നോക്കി വില കുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നൽകുന്ന ഇന്ത്യൻ ഉപഭോക്താവ് കുറ്റവിമുക്തരാകുന്നില്ല. ചൈനയിലേതു പോലെ മാസ് പ്രൊഡക്ഷൻ നടത്താനുള്ള സാങ്കേതിക വിദ്യ എന്തുകൊണ്ട് ഇന്ത്യൻ വ്യവസായങ്ങൾക്ക് വികസിപ്പിക്കാൻ സാധിക്കുന്നില്ല എന്നത് ചോദ്യമാണ്.


2014 സെപ്റ്റംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട മേക്ക് ഇൻ ഇന്ത്യ പദ്ധതി ഉൽപ്പാദന മേഖലയിൽ ഏറെ മുന്നേറ്റങ്ങൾക്ക് വഴി വെച്ചിരുന്നു.നിരവധി യുവാക്കൾ സംരംഭകരായി.പലേടത്തും ഉൽപ്പാദന കേന്ദ്രങ്ങൾ തുറന്നു. പക്ഷേ എവിടെയോ ഏകോപനം നഷ്ടമായി. ആസൂത്രിതമായ മുന്നേറ്റത്തിനു പകരം ചിതറിയ മുന്നേറ്റമാണ് മേക്ക് ഇൻ ഇന്ത്യയിലൂടെ ഉണ്ടായതെന്ന് വിലയിരുത്താൻ വലിയ പ്രയാസമില്ല.
മേക്ക് ഇൻഇന്ത്യ സംരംഭകർക്ക് പുതിയ ദിശാബോധം പകരുന്നതിന് ചൈനീസ് ഇറക്കുമതി ഭീഷണി ബന്ധപ്പെട്ടവർക്ക് പ്രചോദനമാകുമെന്നാണ്
ആസൂത്രണ വിദഗ്ധർ പ്രത്യാശിക്കുന്നത്.

Related Articles

Post Your Comments

Back to top button