
കണ്ണൂര്‍: ഇന്ത്യയില്‍ രണ്ടാമതായി കുരങ്ങ് വസൂരി സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് രോഗമുക്തി നേടിയത്. എല്ലാ സാമ്പിളുകളും നെഗറ്റീവായെന്നും രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും.
അതേസമയം സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ആദ്യംതന്നെ ഉറപ്പ് വരുത്തണമെന്നും വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി.
ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കാനും ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം തുടരുവാനും മന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണെന്നും രോഗികള്‍ കൂടുതല്‍ എത്തുകയാണെങ്കില്‍ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments