ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം; സിഎംഎസ്–03 ഇന്ന് വൈകിട്ട് വിക്ഷേപിക്കും

ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്–03 ഇന്ന് വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. വിക്ഷേപണ വാഹനവുമായി ഘടിപ്പിച്ച പേടകം ഇതിനകം ലോഞ്ച് പാഡിലേക്ക് മാറ്റിയതായി ഇസ്രോ അറിയിച്ചു. ഇന്ത്യൻ നാവികസേനയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള പ്രത്യേക സൈനിക ആശയവിനിമയ ഉപഗ്രഹം തന്നെയാണ് സിഎംഎസ്–03.
ഏകദേശം 4,400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്–03, ഇതുവരെ ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്നതിൽ ഏറ്റവും ഭാരം കൂടിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. ഇന്ത്യയുടെ ഉപഭൂഖണ്ഡത്തെയും പരിസര സമുദ്ര പ്രദേശങ്ങളെയും ഉൾപ്പെടുത്തി വാർത്താവിനിമയ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഇസ്രോയുടെ എൽവിഎം–3 വിക്ഷേപണ വാഹനമാണ് സിഎംഎസ്–03-നെ ഭ്രമണപഥത്തിലേക്ക് എത്തിക്കുക. ഇത് എൽവിഎം–3യുടെ അഞ്ചാമത്തെ ദൗത്യമായതിനാൽ എൽവിഎം–3 എം5 എന്ന പേരിലാണ് ഈ വിക്ഷേപണം അറിയപ്പെടുന്നത്. മുൻപ് ചന്ദ്രയാൻ–3 ഉൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളിലും ഇതേ വിക്ഷേപണ വാഹനമാണ് ഉപയോഗിച്ചത്.
മുമ്പ് പ്രവർത്തിച്ചിരുന്ന ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്–7 ന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിഎംഎസ്–03 നിർമ്മിച്ചത്. ദേശസുരക്ഷയ്ക്കും നാവിക ആശയവിനിമയത്തിനും അതീവ പ്രാധാന്യമുള്ള വിക്ഷേപണമാണിത്.
Tag; India’s new communication satellite; CMS-03 to be launched this evening



