ഇതുപോലുള്ള വിവരം കെട്ടവനെ ഇറക്കി വിടണം: സജി ചെറിയാനെതിരെ ജസ്റ്റിസ് കെമാൽ പാഷ
NewsKeralaPoliticsEntertainment

ഇതുപോലുള്ള വിവരം കെട്ടവനെ ഇറക്കി വിടണം: സജി ചെറിയാനെതിരെ ജസ്റ്റിസ് കെമാൽ പാഷ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി മുൻ ജസ്റ്റിസ് കെമാൽ പാഷ. ഇതുപോലുള്ള വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്നതിനെ കുറിച്ചോര്‍ത്ത് വിലപിക്കാനേ ജനങ്ങള്‍ക്ക് സാധിക്കൂ എന്നും സജി ചെറിയാന് ഒരു നിമിഷം പോലും പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

കെമാൽ പാഷയുടെ വാക്കുകൾ

”ഇതിനെക്കുറിച്ചൊക്കെ എന്താ അഭിപ്രായം പറയേണ്ടത് യഥാര്‍ത്ഥത്തില്‍. ഇത്തരം വിവരം കെട്ടവന്മാരൊക്കെ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുക എന്ന് പറയുന്നത്… അങ്ങനെ ഭരിക്കപ്പെടാനുള്ള നമ്മുടെ ദുരോഗ്യത്തെക്കുറിച്ചോര്‍ത്ത് വിലപിക്കാനേ നമുക്ക് സാധിക്കൂ.

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ പറയുന്ന കാര്യങ്ങളെങ്കിലും അയാള്‍ക്ക് ഓര്‍മ വേണ്ടേ. ഞാന്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും മറ്റ് നിയമങ്ങള്‍ അനുസരിച്ചും എന്ന് പറഞ്ഞാണ് അത് തുടങ്ങുന്നത്.

അത് മനസിലാക്കിയെടുക്കാനുള്ള വിവരമുള്ളവര്‍ക്കേ ചിലപ്പോള്‍ അത് പറ്റുന്നുണ്ടാവൂ. ഇതിനെക്കുറിച്ച് വേറെ എന്താ പറയേണ്ടത്. ഒരിക്കലും, ഒരു കാരണവശാലും ഒരു മന്ത്രി പുറത്ത് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഈ പറഞ്ഞ് കാണുന്നത്.

ഇത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി.ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിയിരിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം എന്നൊക്കെ പറയുന്നത് കുന്തവും കുടച്ചക്രവുമായിട്ടായിരിക്കും മന്ത്രിക്ക് തോന്നുന്നത്.

ശരിയാണ്, കാരണം ഇവിടെ ജനാധിപത്യമൊന്നുമില്ലല്ലോ. ഇവിടെ ആര്‍ക്കും ആരെയും വിമര്‍ശിക്കാം. ഭരണാധികാരികളെ വിമര്‍ശിക്കുക എന്നുള്ളത് ജനാധിപത്യത്തില്‍ ഒരു പൗരന്റെ ഏറ്റവും വലിയ അവകാശമാണ്.

വോട്ട് ചെയ്ത് ജയിപ്പിച്ചവന്റെ അവകാശമാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ ഇവിടത്തെ പരമാധികാരികള്‍. ആ പാവങ്ങളുടെ അവകാശമാണ് ഭരിക്കുന്നവരെ വിമര്‍ശിക്കുക, അവരെ ശരിപ്പെടുത്തിയെടുക്കുക എന്നുള്ളത്.

അതൊന്നും പാലിക്കുന്നില്ല, അടിച്ചമര്‍ത്തുകയാണ്. ആളുകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. അതിനിടയിലാണ് ഒരു മന്ത്രി ഇതുപോലുള്ള വര്‍ത്തമാനം പറയുന്നത്. യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

ഒരു നിമിഷം പോലും മന്ത്രിക്ക് പദവിയില്‍ തുടരാനുള്ള അവകാശമില്ല. കാരണം ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരാളാണ് മന്ത്രി എന്ന് വെളിവാക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ ഈ ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കാനുള്ള അവകാശം എങ്ങനെ അദ്ദേഹത്തിന് കിട്ടും.

നിര്‍ബന്ധമായും കേരള മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടേണ്ടതാണ്. അയാളുടെ രാജി ചോദിച്ച് വാങ്ങണം,” കെമാല്‍ പാഷ പറഞ്ഞു.

Related Articles

Post Your Comments

Back to top button