അഫ്ഗാൻ ജയിലിലെ ചാവേർ ആക്രമണത്തിന് പിന്നിൽ മലയാളിയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്.

കിഴക്കൻ അഫ്ഗാനിൽ ജയിലിനു നേരെ ചാവേർ കാർ ഓടിച്ചു കയറ്റി സ്ഫോടനം നടത്തിയത് മലയാളി ഐഎസ് ഭീകരനെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി കല്ലുകെട്ടിയപുരയില്‍ കെ.പി. ഇജാസാണ് ചാവേർ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണം വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാനില്‍നിന്ന് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച് ലഭിച്ച റോയുടെ സന്ദേശത്തെ തുടർന്ന്, സംഭവത്തെ പറ്റി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കിഴക്കൻ അഫ്ഗാനിലെ നൻഗാർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലെ ജയിലിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ 10 ഭീകരര്‍ ഉള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്. 50 ലധികം പേർക്ക് സംഭവത്തിൽ പരുക്കുണ്ട്. നൂറുകണക്കിന് ഐഎസ് ഭീകരരെ തടവിൽ പാർപ്പിച്ചിരുന്ന ജയിലിലേക്ക് ഐഎസ് ചാവേർ കാർ ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ജയിൽ കവാടത്തിൽ ചാവേറിനെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും, സമീപത്തെ കെട്ടിടങ്ങളിൽനിന്നു ഭീകരർ ജയിലിനുള്ളിലേക്കു വെടിയുതിർക്കുകയായിരുന്നു.
അഫ്ഗാൻ-താലിബാൻ സമാധാന കരാറിനെത്തുടർന്ന് യുഎസും സഖ്യ കക്ഷികളും സൈന്യത്തെ പിൻവലിച്ചശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ജലാലാബാദിൽ നടന്നത്. പൊലീസും അഫ്ഗാന് സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണത്തിൽ ഏർപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇജാസാണെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയാണ് ഇജാസ്. ഇജാസിന്റെ ഭാര്യയും കുട്ടിയും ഇപ്പോൾ അഫ്ഗാന് സുരക്ഷാസേനയുടെ കസ്റ്റഡിയിലാണ് ഉള്ളത്.