ആർസിബി ഗുജറാത്തിന് മുന്നില്‍ മുട്ടുമടക്കി, മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍
NewsSports

ആർസിബി ഗുജറാത്തിന് മുന്നില്‍ മുട്ടുമടക്കി, മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍

ബാംഗ്ലൂര്‍: ഐപിഎൽ പതിനാറാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ആറുവിക്കറ്റിനാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. വിരാട് കോലിയുടെ സെഞ്ചുറിക്ക് ശുഭ്മാൻ ​ഗില്ലിലൂടെ മറുപടി നൽകിയാണ് ടൈറ്റൻസിന്റെ ജയം.ഈ പരാജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ബാംഗ്ലൂര്‍ പുറത്തായതോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടന്നു. ഇതോടെ പ്ലേ ഓഫ് ലൈനപ്പായി.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 198 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. 12 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി. മൂന്നാമനായി ക്രീസിലെത്തിയ വിജയ് ശങ്കറെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ തകർത്തു . ഇരുവരും അനായാസം ബാറ്റുചെയ്യാന്‍ ആരംഭിച്ചതോടെ മത്സരത്തില്‍ ഗുജറാത്ത് പിടിമുറുക്കി. രണ്ടുപേരും ഒരുപോലെ നന്നായി ബാറ്റുചെയ്യാന്‍ ആരംഭിച്ചതോടെ ബാംഗ്ലൂര്‍ വിറച്ചു. 10.5 ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്‌കോര്‍ 100 കടന്നു.

പിന്നാലെ ഗില്ലും വിജയ് ശങ്കറും അര്‍ധസെഞ്ചുറിയും നേടി. ഇരുവരും നേടിയ സെഞ്ചുറി കൂട്ടുകെട്ട് ഗുജറാത്തിന് മികച്ച അടിത്തറ സമ്മാനിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 148-ല്‍ നില്‍ക്കേ ശങ്കറിനെ വൈശാഖ് വിജയ് കുമാര്‍ പുറത്താക്കി. 35 പന്തില്‍ നിന്ന് 53 റണ്‍സെടുത്താണ് ശങ്കര്‍ മടങ്ങിയത്. പിന്നാലെ വന്ന ശ്രീലങ്കന്‍ നായകന്‍ ഡാസണ്‍ ശനകയെ റണ്‍സെടുക്കുംമുന്‍പ് ഹര്‍ഷല്‍ പട്ടേല്‍ മടക്കി. എന്നാല്‍ മറുവശത്ത് ഗില്‍ അനായാസം ബാറ്റുവീശി.

Related Articles

Post Your Comments

Back to top button