ആനക്കടത്ത് അട്ടിമറിച്ചത് വനം മന്ത്രിയോ ?

സംസ്ഥാനത്ത് ആനക്കള്ളക്കടത്തിന് പിന്നിൽ വൻ മാഫിയ പ്രവർത്തിച്ചു വന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ആനക്കള്ളക്കടത്ത് അന്വേഷണം നിർത്തിവെച്ച വനവകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്നും, തീരുമാനം പ്രതികൾക്ക് സഹായകമാകുമെന്നും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൈമാറിയ റിപ്പോർട്ടിൽ നൽകിയിരിക്കുകയാണ്. കേസിലെ പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുള്ളതായാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞിട്ടുള്ളത്‍. ആനക്കളളക്കടത്തിലെ അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതായ ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട് പുറത്ത് നന്നിരിക്കുന്നത്.
ആനക്കള്ളക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണം നിർത്തിവെയ്ക്കാൻ വനം മന്ത്രിയാണ് നിർദേശിക്കുന്നത്. മന്ത്രിയുടെ തീരുമാനം ഏറെ ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്. ആനകള്ളക്കടത്ത് കാരെ സഹായിക്കാനാണ് മന്ത്രി ഇത്തരത്തിൽ ഒരു നിർദേശം നൽകിയതെന്നാണ് ആരോപണമുള്ളത്. അന്വേഷണം നിർത്തിവെയ്ക്കാൻ വനം മന്ത്രി നിർദേശിച്ച ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി വിശദീകരണം തേടുകയായിരുന്നു. തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ചു റിപ്പോർട്ട് നൽകിയത്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടിൽ ആനക്കള്ളക്കടത്തിലെ പ്രതികളായ ഷാജി, പ്രശാന്ത് എന്നിവർക്ക് പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും, ചീഫ് വൈൽഡ്ലൈഫ് വാർഡൻ വെളിപ്പെടുത്തുന്നുണ്ട്. നിയമങ്ങൾ കാറ്റിൽ പറത്തി പ്രതികൾ വർഷങ്ങളായി പുറത്ത് നിന്ന് ആനകളെ കൊണ്ടുവരികയും വിൽപ്പന നത്തുകയുമായിരുന്നു. ഇതിനായി ഉപയോഗപ്പെടുത്തിയതെല്ലാം വ്യാജ രേഖകൾ ആയിരുന്നു.
പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുണ്ട്. അന്വേഷണം നിർത്തിവെയ്ക്കുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിയും വെല്ലുവിളിയും നേരിട്ടാണ് കേസിൽ അന്വേഷണം നടത്തി വന്നത്. അന്വേഷണം നിർത്തിവെക്കാൻ ആന ഉടമകൾ ഉന്നയിച്ച വാദങ്ങൾ അടിസ്ഥാന രഹിതമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസ് വനം മന്ത്രി കെ. രാജു തന്നെ അട്ടിമറിച്ചതു സംബന്ധിച്ച തെളിവുകൾ ഒരു ന്യൂസ് ചാനൽ പുറത്ത് വിട്ടിരുന്നു.
ആനക്കള്ളക്കടത്ത് കേസ് സംബന്ധിച്ചു വനം മന്ത്രിയുടെ വാദം വസ്തുതയുടെ യാതൊരു ബന്ധവും ഇല്ലാത്തതാണ്. ആനക്കടത്തിന് തെളിവായി ആനകളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിക്കുന്നത്. ആറ് ആനകളെ കസ്റ്റഡിയിലെടുത്തെന്ന് വ്യക്തമാക്കുന്ന കേസിലെ അഞ്ച് എഫ്.ഐ.ആറുകള്‍ ആണ് പുറത്ത് വന്നത്. പ്രതികള്‍ ധനലാഭത്തിനായി ആനകളെ വിറ്റുവെന്ന ഗുരുതര കണ്ടെത്തലും എഫ്ഐആറിൽ പറയുന്നുണ്ട് എന്നതാണ് ഗുരുതരമായിട്ടുള്ളത്.
സംസ്ഥാനത്തേക്ക് 200ലധികം ആനകളെ കടത്തിയെന്ന കൊല്ലം സ്വദേശി ഷാജിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ എഫ്.ഐ.ആറുകളാണ് പുറത്ത് വന്നത്. ഷാജി, കെ എസ് രശ്മി, ഷിനു, മനീഷ് നാഥ്, ജെറോം വാര്യത്ത് എന്നിവരാണ് ആ കേസിലെ പ്രതികള്‍. ആന ഉടമകളുടെ സംഘടന നല്‍കിയ പരാതിയെ അന്വേഷണം നിര്‍ത്തിവെയ്ക്കാനാണ് മന്ത്രി തയാറായത്. മന്ത്രി പറയുന്നതെല്ലാം തെറ്റാണെന്നാണ് എഫ് ഐ ആർ പറയുന്നത്. ആനകളെ കസ്റ്റഡിയിലെടുത്തോ എന്നറിയില്ലെന്നായിരുന്നു വനം മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഗണപതി, അർജുൻ, നാരായണൻ കുട്ടി, ഹരികുട്ടൻ ഉൾപ്പെടെ 6 ആനകളെ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത ശേഷമാണ് കേസെടുത്തതായി എഫ്.ഐ.ആർ പറയുന്നുണ്ട്. പ്രതികൾ നാട്ടാനകളെ അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന് രേഖകളില്ലാതെ സൂക്ഷിയ്ക്കുകയും ആനകളെ ധനലാഭത്തിനായി വിൽപ്പന നടത്തുകയുമായിരുന്നു.
പ്രതികൾ വ്യാപാരം നടത്തിയെന്നു കണ്ടെത്തിയതായി എഫ്.ഐ.ആർ വ്യക്തമാക്കുന്നുണ്ട്. വന്യ ജീവി സംരക്ഷണ നിയമവും, നാട്ടാന പരിപാലന നിയമവുമടക്കം 12 വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ശക്തമായ തെളിവുകളാണ് വനം വകുപ്പിന് ഇക്കാര്യത്തിൽ ലഭിച്ചിരുന്നത്. അന്വേഷണം നിര്‍ത്തിവെയ്ക്കാനുള്ള വനം മന്ത്രി കെ രാജുവിന്‍റെ ഉത്തരവ് വന്നതോടെ പ്രതികള്‍ ആരെയും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല.