അനസിലൂടെ വെളിച്ചത്ത് വരുന്നത് പോലീസിലെ പച്ചവെളിച്ചമോ?
NewsKeralaPoliticsCrime

അനസിലൂടെ വെളിച്ചത്ത് വരുന്നത് പോലീസിലെ പച്ചവെളിച്ചമോ?

തിരുവനന്തപുരം: പോലീസ് ഡേറ്റ ബേസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിലൂടെ പുറത്തുവരുന്നത് പോലീസിലെ സ്ലീപ്പര്‍ സെല്‍ സാന്നിധ്യമെന്ന് വിലയിരുത്തല്‍. പോലീസ് ഡേറ്റാ ബേസില്‍ നിന്ന് കൂടുതല്‍ വ്യക്തിവിവരങ്ങളും രഹസ്യവിവരങ്ങളും പി.കെ. അനസ് പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. പോലീസുകാരുടെ വ്യക്തിവിവരങ്ങളും കേസ് നടപടി ക്രമങ്ങളും ഇയാള്‍ കൈമാറിയിട്ടുണ്ട്.

പോലീസിന്റെ രഹസ്യ മെസേജുകള്‍ അടക്കം ചേര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അനസ് പോപ്പുലര്‍ ഫ്രണ്ടിന്റെ പോലീസിലെ സ്ലീപ്പര്‍ സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് സേനയിലുള്ളവര്‍ തന്നെ ആരോപിക്കുന്നത്. അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതു കൂടാതെ വൈദികരുടെയും ക്രിസ്ത്യന്‍ സമുദായ നേതാക്കളുടെയും ജില്ലയിലെ പ്രധാന തസ്തികളില്‍ ഇരിക്കുന്ന പോലീസുകാരുടെയും വിവരങ്ങള്‍ അനസ് ചോര്‍ത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അനസിനെ കൂടാതെ മറ്റാരെങ്കിലും പോലീസ് സേനയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനമായിട്ടുണ്ട്.

വ്യക്തി സുരക്ഷയെ കാര്യമായി ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സുഗമമായ വഴിയൊരുക്കിയിരിക്കുകയാണ്. ഏപ്രിലില്‍ ജമ്മു കശ്മരീല്‍ സൈമ അക്തര്‍ എന്ന ഒരു പോലീസ് ഉദ്യോഗസ്ഥ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. അനസിനെപ്പോലെ പ്രവര്‍ത്തിക്കുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരും സേനയിലുണ്ടെന്ന ആരോപണം ശക്തമാണ്. ആര്‍എസ്എസ് നേതാക്കളുടെ മാത്രമല്ല ഇതര മതസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയുമെല്ലാം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള സ്വാധീനമാണ് തെളിയിക്കുന്നത്.

ഇക്കാര്യങ്ങള്‍ കേരള പോലീസ് അന്വേഷിക്കുന്നതിന് പകരം എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം സേനയ്ക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. കാരണം അഭിമന്യു വധത്തിന് ശേഷം കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങളിലെ മുഖ്യപ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് പോലീസില്‍ നിന്നും പ്രതികള്‍ക്ക് ലഭിക്കുന്ന പിന്തുണമൂലമാണെന്ന് ആരോപണം ഉയരുന്നുണ്ട്. അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ട്. ഇത് ഏത് തരത്തില്‍ ഉപയോഗിച്ചുവെന്നതും ഇതിന് പിന്നിലെന്താണെന്നും ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല.

ഇത്തരത്തില്‍ ഇയാള്‍ വിവരം കൈമാറിയ പലരേയും പോലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഒരാള്‍ ഇത് നിരവധി പേര്‍ക്കാണ് കൈമാറുന്നത്. കൊലപാതകമടക്കം എന്തും ചെയ്യാന്‍ തയ്യാറുള്ള വലിയ കൊലയാളിസംഘം തന്നെ സംസ്ഥാനത്ത് സജീവമാണ്. ഇവരിലേക്കൊന്നും ചെന്നെത്താനും വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് താത്പര്യം കാണിക്കുന്നുമില്ല. കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച കേസ് അന്വേഷിക്കുമ്പോള്‍ മാത്രമാണ് ഇത് സംബന്ധിച്ച വിവരം പോലീസിനുണ്ടാകുന്നത്. ഇതാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് അന്വേഷണം കൈമാറണമെന്ന ആവശ്യം ശക്തമാകുന്നതിന് പിന്നിലുള്ള കാരണം.

Related Articles

Post Your Comments

Back to top button