ശിവസേനയെ രണ്ടാക്കിയത് സഞ്ജയ് റാവത്തെന്ന് ആരോപണം
NewsNationalPolitics

ശിവസേനയെ രണ്ടാക്കിയത് സഞ്ജയ് റാവത്തെന്ന് ആരോപണം

മുംബൈ: ശിവസേന പിളര്‍ന്നതിന് പിന്നില്‍ സഞ്ജയ് റാവത്തെന്ന് ആരോപണം. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചശേഷം കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നിലും സഞ്ജയ റാവത്താണെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ കൂടെയുള്ളവര്‍ പറയുന്നത്. കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് പാര്‍ട്ടി തീരുമാനങ്ങളും സഖ്യതീരുമാനങ്ങളുമെല്ലാം പുറത്തറിഞ്ഞിരുന്നത് റാവത്ത് വഴിയാണെന്നാണ്.

ശിവസേനയുടെ മുന്‍ എംപിയും ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന സുരേഷ് പ്രഭുവിന്റെ സ്ഥാനത്ത് തന്നെ കേന്ദ്രമന്ത്രിയാക്കാത്തതിലുള്ള പരിഭവമാണ് ബിജെപിയോട് റാവത്തിനുള്ളതെന്നാണ് ശിവസേനയിലുള്ളവര്‍ തന്നെ പറയുന്നത്. സുരേഷ് പ്രഭുവിനെ നരേന്ദ്ര മോദി നേരിട്ട് മന്ത്രിസഭയില്‍ എടുക്കുകയായിരുന്നു. സുരേഷ് പ്രഭുവിന്റെ മന്ത്രിസ്ഥാനം ശിവസേന എതിര്‍ത്തിരുന്നു. അതോടെ ശിവസേന ഉപേക്ഷിച്ച് സുരേഷ് പ്രഭു ബിജെപിയില്‍ ചേര്‍ന്നു.

തന്നെ കേന്ദ്രമന്ത്രിയാക്കാത്ത പാര്‍ട്ടിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാന്‍ അന്നുമുതല്‍ റാവത്ത് പണി തുടങ്ങി. 2004ല്‍ രാജ്യസഭയിലെത്തിയ റാവത്ത് തന്റെ പാര്‍ലമെന്ററി രംഗത്തുള്ള അനുഭവം എന്‍ഡിഎ സര്‍ക്കാരിന് മുതല്‍ക്കൂട്ടാക്കാന്‍ ഒരുങ്ങി നടക്കുകയായിരുന്നു. റാവത്തിന്റെ നിര്‍ബന്ധ ബുദ്ധിയാണ് പാര്‍ട്ടിയുടെ തന്നെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും ഉദ്ധവ് താക്കറെ സഞ്ജയ് റാവത്തിന്റെ കളിപ്പാവയായി മാറിയിരിക്കുകയാണെന്നും ഏക്‌നാഥ് ഷിന്‍ഡെയും അണികളും ആരോപിച്ചു.

Related Articles

Post Your Comments

Back to top button