ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താതെ പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പോലീസ് ഡാറ്റ ബേസ് തന്നെ ചോര്‍ത്തിക്കൊടുക്കുന്ന സംഘം സേനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശക്തമായ നടപടിയൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും ആരോപണമുണ്ട്.
പ്രകടനം നടന്ന് മൂന്ന് ദിവസമായിട്ടും മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിയാനായില്ലെന്ന തൊടുന്യായം പറഞ്ഞാണ് പോലീസ് പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍ കുട്ടിയെ കണ്ടെത്തിയാല്‍ മുദ്രാവാക്യം എഴുതി നല്കിയ വ്യക്തിയെയും കുട്ടിയുടെ മാതാപിതാക്കളെയും അടക്കം അറസ്റ്റ് ചെയ്യേണ്ട അവസ്ഥ വരുമെന്നതിനാല്‍ പോലീസ് അന്വേഷണം വഴിമുട്ടിക്കുകയാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ കൂടുതല്‍ പേര് കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്. മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ പ്രകടനത്തില്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയിലാണ് പോപ്പുലര്‍ ഫ്രണ്ട് റാലിക്ക് പോലീസ് അനുമതി നല്‍കിയത്.
എന്നാല്‍ അത് ലംഘിച്ചെന്ന് വ്യക്തമായിട്ടും സ്വമേധയ കേസെടുക്കാന്‍ പോലീസ് തയാറായില്ല. മുദ്രാവാക്യം മുഴക്കിയതിനെതിരെ ബിജെപി ആലപ്പുഴ ജില്ല ഘടകം പരാതി നല്കിയപ്പോള് പോലീസ് വിവിധ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കേസ് ചാര്‍ജ് ചെയ്തത്. കേസില്‍ ഇതുവരെ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഒരാള്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡന്റ് പി.എ. നവാസാണ്. മറ്റൊരാള്‍ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാറാണ്.
പോലീസിനോട് സമ്മതിച്ച വ്യവസ്ഥ ലംഘിച്ചിട്ടും ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസനെ വധിച്ച കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിയാത്ത പോലീസ് കുട്ടിയെ കണ്ടെത്തിയില്ലെങ്കിലും അത്ഭുതമില്ലെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. പക്ഷേ കേരള പോലീസിന് തിരിച്ചടിയായിരിക്കുന്നത് ഈ പ്രകടനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണമാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോള്‍ ഇത്തരമൊരു കേസില്‍ പ്രതികളെ പിടികൂടാനാവാതെ വന്നാല്‍ കേരള പോലീസും പ്രതിസ്ഥാനത്താകും. ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ ഇത്തരം കേസുകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. അധികാരത്തിലുള്ള ചിലരുടെ ഇടപെടലാണ് പോലീസിനെ കേസന്വേഷിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
Post Your Comments