സ്വര്‍ണക്കടത്തിലെ കള്ളപ്പണക്കേസ് വിചാരണ ചെന്നൈയിലേക്കെന്ന് സൂചന
NewsKerala

സ്വര്‍ണക്കടത്തിലെ കള്ളപ്പണക്കേസ് വിചാരണ ചെന്നൈയിലേക്കെന്ന് സൂചന

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ കള്ളപ്പണക്കേസിന്റെ വിചാരണ ചെന്നൈയില്‍ നടന്നേക്കുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് ലഭ്യമായ വിവരം. കേസിന്റെ വിചാരണ കൊച്ചിയിലെ കോടതിയില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ എം. ശിവശങ്കറുള്‍പ്പെടെയുള്ള ചില പ്രതികള്‍ ഇഡിയുടെ നീക്കത്തിനെതിരാണ്. വിചാരണ മാറ്റരുതെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും പ്രതികളോടൊപ്പം വിചാരണ മാറ്റരുതെന്ന നിലപാടിലാണ്. കേസ് ബംഗളൂരുവിലേക്ക് മാറ്റുന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ കേസ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് മാറ്റാനാണ് ഇഡി താത്പര്യപ്പെടുന്നത്.

ചെന്നൈയിലേക്കാണ് കേസ് മാറ്റുന്നതെങ്കില്‍ പ്രതികളും എതിര്‍ക്കാന്‍ സാധ്യത കുറവാണ്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അനധികൃതമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് തെളിയിക്കാന്‍ ഇഡിക്ക് സാധിക്കുകയും ചെയ്യും. ചെന്നൈയിലേക്ക് മാറ്റം കിട്ടിയ രാധാകൃഷ്ണന് പകരം പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ വന്നാലും മേല്‍നോട്ടം വഹിക്കുക രാധാകൃഷ്ണന്‍ തന്നെയാവാനാണ് സാധ്യതയെന്നാണ് ഇഡി നല്‍കുന്ന സൂചന.

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന തുടരന്വേഷണത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. കേസ് ചെന്നൈയിലേക്ക് മാറ്റിയാല്‍ ചെന്നൈ കോടതിക്കാകും മേല്‍നോട്ടം. ഇതും ഇഡിക്ക് സഹായകമാവുമെന്ന കണക്കുകൂട്ടലാണ് ഇപ്പോഴുള്ളത്.

Related Articles

Post Your Comments

Back to top button