രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദഹനത്തിനും ചക്ക
NewsEntertainment

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദഹനത്തിനും ചക്ക

ചക്കക്കാലമായില്ലേ. ഇത്തിരി ചക്ക മാഹാത്മ്യമാവാം. ഗുണങ്ങള്‍ ഒരുപാടാണ് ഈ ഭീമന്‍ പഴത്തിന്. പൊണ്ണത്തടി, പ്രമേഹം, ബ്ലഡ് പ്രഷര്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്നു തന്നെ പറയാം നമ്മുടെ തൊട്ടടുത്തുള്ള ഈ ചങ്ങാതി. വിറ്റാമിനുകള്‍, മിനറല്‍,ഫൈറ്റോന്യൂട്രിയന്റ്‌സ്, ഫൈബര്‍, പ്രോട്ടീന്‍, ഇലക്ട്രോലൈറ്റ്‌സ് തുടങ്ങിയവയുടെയെല്ലാം നല്ല ഉറവിടമാണ് ചക്ക.

ഒരു കപ്പ് ചക്കയില്‍ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്.

ഇന്ന് യുവാക്കളില്‍ പോലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ചക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചക്കയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായിക്കും.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വസാധാരണമാണ്. ഇതിനും ചക്ക സഹായകമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ഇത് മലബന്ധം അല്ലെങ്കിൽ വയർ വീർക്കുന്നത് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയുകയും നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും വയറ്റിലെ അൾസർ തടയാൻ സഹായിക്കുകയും ചെയ്യും. എന്നാല്‍ അമിതമായി ചക്ക കഴിക്കാന്‍ ശ്രമിക്കരുത്. എല്ലുകൾക്കും പേശികൾക്കും ആവശ്യമായ മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്ക. അതിനാല്‍ ചക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക് ചക്കപ്പഴം കഴിക്കാം. കുറഞ്ഞ അളവില്‍ ചക്കപ്പഴത്തില്‍ അന്നജം അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുളളതിനാല്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്താന്‍ ചക്കപ്പഴത്തിനു കഴിയും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പ്ലാവിലയും പ്രമേഹത്തിന് ഔഷധം തന്നെ. പ്ലാവിലയിലടങ്ങിയ ചില രാസപദാര്‍ത്ഥങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും എന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ ചക്കക്കുരു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. സ്റ്റാര്‍ച്ചിന്റെയും !ഡയറ്ററിഫൈബറിന്റെയും സ്രോതസ്സാണിത്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഇത്തരം ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.

കണ്ണിന്റെ ആരോഗ്യത്തിന് സഹായകമായ നിരവധി പോഷകങ്ങള്‍ ചക്കപ്പഴത്തിലുണ്ട് ബീറ്റാ കരോട്ടിന്‍ , ജീവകം എ, ല്യൂട്ടിന്‍, സീസാന്തിന്‍ എന്നിവയാണവ. കരോട്ടിനോയ്ഡുകളായ ല്യൂട്ടിനും സിയാന്തിനും കൂടിയ അളവില്‍ റെറ്റിനയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഉപദ്രവകരമായ പ്രകാശത്തെ അരിച്ച് കണ്ണിനെ സംരക്ഷിച്ച് ആരോഗ്യകരമായ കോശപ്രവര്‍ത്തനത്തെ സഹായിക്കുന്നു. മനുഷ്യശരീരത്തിന് ഈ പോഷണങ്ങളെ സംശ്ലേഷണം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് ദിവസവും നമ്മുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. തിമിരം, ഗ്ലൂക്കോമ, പേശികളുടെ നാശം ഇവയുടെ സാധ്യതയെ കുറയ്ക്കാന്‍ ചക്കപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

Related Articles

Post Your Comments

Back to top button