ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു; ലക്ഷ്യം തെലങ്കാന
ഹൈദരബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ് ജനൻമോഹൻ റെഡ്ഢിയുടെ സഹോദരിയുമായ വൈ.എസ് ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു. ജൂലൈ എട്ടിന് രാജശേഖര റെഡ്ഢിയുടെ ജന്മദിനത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്
തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഷർമിളയുടെ പദ്ധതി. തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, കോൺഗ്രസ് എന്നിവരുമായൊന്നും ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന് ഷർമിള പറഞ്ഞു. നിലവിൽ തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആർ.എസിൻറെ അപ്രമാദിത്യമാണ്.
തെലങ്കാനയിൽ കോൺഗ്രസിൻറെ തകർച്ചയോടെ ശൂന്യമായ പ്രതിപക്ഷത്തിൻറെ ഇടത്തിലേക്ക് കടന്നുകയറാനാണ് ശർമിളയുടെ ശ്രമം. നിലവിൽ വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്ത റെഡ്ഢി സമുദായം കൂടെ നിൽക്കുമെന്നാണ് ശർമിള പ്രതീക്ഷിക്കുന്നത്. ടി.ആർ.എസ് സർക്കാറിനെതിരെ ഏപ്രിൽ 15ന് ശർമിള സത്യഗ്രഹമിരുന്നിരുന്നു.