
കൊച്ചി: ജസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സിബിഐ. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മറിയം ജെയിംസിനെ കാണാതാകുന്നത് 2018 മാര്‍ച്ച് 22നാണ്.
2020 മേയില്‍ ക്രൈംബ്രാഞ്ച് ഡിജിപി ടോമിന് തച്ചങ്കരി ജസ്നയെക്കുറിച്ചു വ്യക്തമായ ചില വിവരങ്ങള്‍ കിട്ടിയെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ പിന്നീടു പുരോഗതിയുണ്ടായില്ല. കേരള പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോള്‍ അന്വേഷണം 2021 ഫെബ്രുവരിയില്‍ സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടു.
തുടക്കത്തില്‍ ചില സൂചനകള്‍ ലഭിച്ചെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ജസ്നയെ കാണാതായ ദിവസങ്ങളിലെ വിമാന ടിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ ചില സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സംശയമുള്ള ചില യാത്രക്കാരെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ജസ്ന മറ്റൊരു സംസ്ഥാനത്ത് ജീവിക്കുന്നുണ്ടെന്നും രണ്ട് കുട്ടികളുണ്ടെന്നുമുള്ള വിവരങ്ങളിലും സ്ഥിരീകരണമില്ല. മനുഷ്യക്കടത്തായി രാജ്യംവിട്ടുവെന്നാണു മറ്റൊരു വിവരം.
അന്വേഷണം വിപുലപ്പെടുത്തി വരികയാണെന്നും ഇതിന്റെ ഭാഗമായി ഇന്റര്‍പോളിന് യെല്ലോ നോട്ടിസ് നല്‍കിട്ടുണ്ടെന്നും സിബിഐ കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതിയെ അറിയിച്ചിരുന്നു. ജസ്നയ്ക്കായി സിബിഐ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. എന്നാല്‍ ഇതുവരെ കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തി. സഹപാഠികളെ ചോദ്യം ചെയ്തു.
സൈബര്‍ പോലീസുമായി സഹകരിച്ച് പതിനായിരത്തോളം ഫോണ്‍ കോളുകളും പരിശോധിച്ചു. എന്നിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ കേസില്‍ അന്വേഷണം മുന്നോട്ട് നീങ്ങാത്ത സ്ഥിതിയാണെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതിയില്‍ സിബിഐ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
Post Your Comments