ജെകെഎസ്എസ്ബി റിക്രൂട്ട്‌മെന്റ് അഴിമതി: ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്
NewsNational

ജെകെഎസ്എസ്ബി റിക്രൂട്ട്‌മെന്റ് അഴിമതി: ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പോലീസ് റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ഏഴ് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്. ജമ്മു, പത്താന്‍കോട്ട്, രേവാരി, കര്‍ണാല്‍ എന്നീ സ്ഥലങ്ങളുള്‍പ്പെടെ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മുന്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സുരേന്ദര്‍ സിംഗ്, യതിന്‍ യാദവ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

നവംബര്‍ ആറിന് അറസ്റ്റിലായ സുരേന്ദര്‍ സിംഗ് പോലീസ് കസ്റ്റഡിയിലും സെപ്റ്റംബര്‍ 19ന് അറസ്റ്റിലായ യതിന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണ് നിലവിലുള്ളത്. എഴുത്തുപരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഓഗസ്റ്റ് എട്ടിനാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് കേസ് അന്വേഷണം നടത്തിയ സിബിഐ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍, മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, സ്വകാര്യ കോച്ചിംഗ് സെന്റര്‍ ഉടമ, ബംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം തുടങ്ങി 33 പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ജെ ആന്‍ഡ് കെ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് 2022 മാര്‍ച്ച് 27ന് നടത്തിയ ജെ ആന്‍ഡ് കെ പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2022 ജൂണ്‍ നാലിനാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

Related Articles

Post Your Comments

Back to top button