ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ല. ഉമ്മന്‍ ചാണ്ടി.

കേരള കോൺഗ്രസിലെ ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ച ആവാം. ജോസ് കെ മാണിയുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇത് വിജയിക്കാതെ വന്ന സാഹചര്യത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനം എടുക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തിങ്കളാഴ്ചയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതായുള്ള തീരുമാനം പുറത്തുവന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന തീരുമാനം അംഗീകരിക്കാത്തതിനും അത്തരമൊരു ധാരണയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തത് കൊണ്ടാണ് നടപടി ഉണ്ടായത്. യുഡിഎഫ് നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ് വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമാക്കി കണ്‍വീനര്‍ ബെന്നി ബെഹ്നാനാണ് രംഗത്തെത്തിയത്.
കന്‍റോണ്‍മെന്‍റ് ഹൌസില്‍ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് കന്‍റോണ്‍മെന്‍റ് ഹൌസില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹ്നാന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മറ്റു യുഡിഎഫ് നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഫോണ്‍ വഴിയും ആശയ വിനിമയം നടത്തിയ ശേഷമാണ് ബെന്നി ബെഹ്നാന്‍ തീരുമാനം അറിയിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയാണ് തര്‍ക്ക വിഷയം. ആദ്യ 8 മാസം ജോസ് വിഭാഗത്തിനും ബാക്കി 6 മാസം ജോസഫ് വിഭാഗത്തിനും എന്നായിരുന്ന യുഡിഎഫ് ഉണ്ടാക്കിയ ധാരണ. ജോസ് വിഭാഗം രാജിവെക്കാതായതോടെ യുഡിഎഫ് തുടർ ചര്‍ച്ചകള്‍ നടത്തി ഒടുവില്‍ ജോസ് വിഭാഗം രാജിവെക്കണമെന്ന് ഔദ്യോഗികമായി തീരുമാനം വെളിപ്പെടുത്തി. എന്നിട്ടും രാജിക്കില്ലെന്ന ജോസിന്റെ നിലപാടാണ് യുഡിഎഫിനെ പ്രകോപിപ്പിച്ചത്.