ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ആണ്‍കുട്ടിയുടെ കരണത്തടിച്ചു; വൈറലായതിന് പിന്നാലെ കാരണം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക
NewsWorld

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ആണ്‍കുട്ടിയുടെ കരണത്തടിച്ചു; വൈറലായതിന് പിന്നാലെ കാരണം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക

കറാച്ചി: ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തക ആണ്‍കുട്ടിയുടെ കരണത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറാലായി. ജൂലൈ ഒന്‍പതിന് പാക്കിസ്ഥാനില്‍ ഈദ് ദിനത്തിലെ ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ലൈവ് റിപ്പോര്‍ട്ടിംഗിനിനിടെ മാധ്യമപ്രവര്‍ത്തക മയ്ര ഹാഷ്മി സമീപത്തുണ്ടായിരുന്ന പയ്യന്റെ കരണത്ത് ഇടംകൈകൊണ്ട് തല്ലുന്ന അഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആള്‍ക്കൂട്ടത്തിനിടയില്‍നിന്നാണ് മാധ്യമപ്രവര്‍ത്തക വീഡിയോയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ള ഷര്‍ട്ട് ധരിച്ച ആണ്‍കുട്ടി സമീപം നില്‍ക്കുന്നത് കാണാം. ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടെ ഈ ആണ്‍കുട്ടി കൈ ഉയര്‍ത്തി സമീപം നില്‍ക്കുന്ന ആളിനെ വിളിച്ചു. ശബ്ദം വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ആണ്‍കുട്ടിയുടെ പ്രവൃത്തി മാധ്യമപ്രവര്‍ത്തകയെ പ്രകോപിപ്പിക്കുകയായിരുന്നു.

ബാലനെ തല്ലയതിനുള്ള കാരണം വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആളിനോട് പലരും തിരക്കിയെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. കുട്ടി അനാവശ്യമായി എന്തോ പറഞ്ഞതുകൊണ്ടാണ് തല്ലിയതെന്ന് ചിലര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയെ കുറച്ചുപേര്‍ അനുകൂലിച്ചപ്പോള്‍ ഒരു വിഭാഗം അനാവശ്യ ചെയ്തിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ചര്‍ച്ച കനത്തതോടെ മയ്‌ര ഹാഷ്മി തന്നെ വിശദീകരണവുമായി എത്തി. ലൈവ് ബ്രോഡ്കാസ്റ്റിനിടെ ആ ആള്‍ ഒരു കുടുംബത്തോട് മോശമായി പെരുമാറിയെന്നും അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button