'സ്വപ്ന പദ്ധതിയായ കെ-ഫോണ്‍ അടുത്ത മാസം യാഥാര്‍ഥ്യമാകും'; പിണറായി വിജയന്‍
NewsKeralaPoliticsTech

‘സ്വപ്ന പദ്ധതിയായ കെ-ഫോണ്‍ അടുത്ത മാസം യാഥാര്‍ഥ്യമാകും’; പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) അടുത്ത മാസം നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.’കെ-ഫോണ്‍ യാഥാര്‍ഥ്യമാകുന്നതോടെ നമ്മുടെ ഇന്റര്‍നെറ്റ് സാന്ദ്രതയില്‍ വര്‍ധനവുണ്ടാകും. അതോടെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും സര്‍ക്കാരുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും,’ കേരളം സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സൃഷ്ടിക്ക് ശക്തമായ അടിത്തറ പാകുന്ന ഒന്നായി സമ്പൂര്‍ണ ഇ-ഗവേണന്‍സ് മാറും. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എന്നതിനുപകരം സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എന്നതാണ് സര്‍ക്കാര്‍ നയം. അതിന്റെ ഭാഗമായാണ് ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്. സാങ്കേതികവിദ്യകളും അവയില്‍ അധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനുവേണ്ട ഇടപെടലുകള്‍ കൂടിയാണ് കെ-ഫോണ്‍ അടക്കം വിവിധ പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.


ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്ന നമ്മുടെ രാജ്യത്താണ് കേരളം ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചത്. ഇ-ഗവേണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവില്‍ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകള്‍ തയാറായിക്കഴിഞ്ഞു. 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി ഒരുങ്ങുകയാണ്.

ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ ജനങ്ങള്‍ക്കു പ്രാപ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടി ഉപകരിക്കുമെന്ന് പിണറായി പറഞ്ഞുഇ-സേവനം പോര്‍ട്ടല്‍ മുഖേന നിലവില്‍ 900 ത്തോളം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. 7.5 കോടി സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവഴി ലഭ്യമാക്കിയത്.സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും നടപ്പാക്കിയ ഇ-ഓഫീസ് സംവിധാനം താലൂക്ക് തലത്തില്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഇന്റര്‍നെറ്റ് അവകാശമാക്കി മാറ്റുകയും ചെയ്യുമ്പോള്‍ തന്നെ അത്തരം സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താനുള്ള കഴിവ് പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളത്തില്‍ സ്ഥാപിച്ചത്.ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതിനുള്ള പ്രാദേശിക ഇടപെടലുകള്‍ നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യത്തെ പഞ്ചായത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ സാക്ഷരതക്കായുള്ള സംസ്ഥാനതല പദ്ധതിക്ക് തുടക്കമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button